ചെങ്ങന്നൂർ: പാർട്ടിവിട്ടയാൾ മരണ വീട്ടിലെത്തിയതോടെ ആക്രമണവുമായി ബിജെപി. അഞ്ച് മാസം മുമ്പ് ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്ന ചെറുവല്ലൂർ കുടനാൽ തീർത്ഥം വീട്ടിൽ സജീവ് കുടനാലിനാണു (43) മർദനമേറ്റത്. സിഐടിയു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയംഗമാണ് സജീവ്. ഞാഞ്ഞൂക്കാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയുടെ അമ്മ ലക്ഷ്മിക്കുട്ടിയമ്മയുടെ മരണവുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. ബിജെപി പ്രവർത്തകരായ സന്തോഷ് (കുട്ടപ്പായി), അരുൺകുമാർ (മനോജ്) എന്നിവർക്കെതിരെ കേസെടുത്തതായി വെൺമണി സിഐ എം.എസ്.രാജീവ് പറഞ്ഞു.

ബിഎംഎസ് ചെറിയനാട് പഞ്ചായത്ത് സെക്രട്ടറിയും ആർഎസ്എസ് ചെറുവല്ലൂർ ശാഖ കാര്യവാഹും ആയിരുന്ന സജീവ് സിപിഎമ്മിൽ ചേർന്നത് അഞ്ച് മാസം മുൻപാണ്. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂരിന്റെ സഹോദരനാണ് സജീവ്. സിപിഎമ്മിൽ ചേർന്നതിനെ തുടർന്ന് സജീവിന് നേരെ നേരത്തെയും വധഭീഷണിയുണ്ടായിരുന്നു. സതീഷ് ചെറുവല്ലൂർ രാത്രി വടിവാളുമായെത്തിയ സിപിഎം പ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ കൊല്ലുമെന്ന് സജീവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് സജീവ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണു സംഭവം. ഞാഞ്ഞൂക്കാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയുടെ അമ്മ ലക്ഷ്മിക്കുട്ടിയമ്മ മരിച്ചതിനെ തുടർന്നു മൃതദേഹം ചക്കുവള്ളിയിലെ വീട്ടിലേക്കു കൊണ്ടുപോകുന്നതു സംബന്ധിച്ചാണു തർക്കമുണ്ടായത്. മാന്നാർ സേവാഭാരതിയുടെ ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു.

കോവിഡ് ആരോഗ്യ പ്രവർത്തകൻ കൂടിയായ സജീവ് വീട്ടിലെത്തി മൃതദേഹം കൊണ്ടു പോകുന്നതു സംബന്ധിച്ചു ചർച്ച നടത്തിയതു തർക്കത്തിന് ഇടയാക്കിയെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ സന്തോഷിന്റെയും അരുണിന്റെയും നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ മർദിച്ചെന്നാണു സജീവ് പറയുന്നത്. സജീവ് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിൽ പ്രതിഷേധിച്ചു സിപിഎം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലകടവിൽ വൈകിട്ട് 5 മുതൽ 7 വരെ ഹർത്താൽ നടത്തി.