കണ്ണൂർ: എൽ.ഡി.എഫ് സർക്കാരിന് ഭരണ തുടർച്ച എക്‌സിറ്റ് പോൾസർവ്വെകളെല്ലാം പ്രഖ്യാപിച്ചതോടെ നവ മാധ്യമങ്ങളിൽ കോൺഗ്രസിനും ബിജെപിക്കുമെതിരെ കടുത്ത ആക്രമണം അഴിച്ചുവിടാൻ സിപിഎം സൈബർ പോരാളികൾ ഒരുങ്ങുന്നു. കഴിഞ്ഞ അഞ്ചു വർഷം വിവിധ ആരോപണങ്ങൾ ഉന്നയിച്ചു സർകാരിനെ വെള്ളം കുടിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അണിയറയിൽ ട്രോൾ മഴയും പൊങ്കാലയും ഒരുങ്ങുകയാണ്.

കേരളത്തിന്റെ ക്യാപ്റ്റനായി വീണ്ടും പിണറായി വിജയൻ എന്ന ഹാഷ് ടാഗിൽ ഒരുങ്ങുന്ന സോഷ്യൽ മീഡിയയിലൂടെ ആഹ്‌ളാദ പ്രകടനത്തിൽ ചെന്നിതലയ്‌ക്കെതിരെ തലനാരിഴ കീറിയുള്ള വിമർശനവും പരിഹാസവുമുണ്ടായേക്കും. ബെവ് കോ അഴിമതി, ആഴക്കടൽ മത്സ്യ ബന്ധനം, സ്വർണക്കടത്ത്, ലൈഫ് അഴിമതിക്കേസ്, ഡോളർ കടത്ത് തുടങ്ങി ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ആരോപണങ്ങൾ ബൂമറാങ്ങുപ്പോലെ തിരിച്ചടിച്ചുവെന്ന പരിഹാസവും കുറ്റപ്പെടുത്തലുമാണ് ജനവിധിയുടെ പശ്ചാത്തലത്തിൽ അണിയറയിൽ ഒരുങ്ങുന്നത്.

പ്രതി പക്ഷ നേതാവിനെയും മറ്റു കോൺഗ്രസ് നേതാക്കളയും കടന്നാക്രമിച്ചുകൊണ്ടും ഇരട്ടച്ചങ്കനായ കേരളത്തിന്റെ കരുത്തനായ ക്യാപ്റ്റൻ മിന്നൽ പിണറായിയെന്ന് മുഖ്യമന്ത്രിയെ വാഴ്‌ത്തിയുമാണ് അണിയറയിൽ ട്രോളുകൾ ഒരുങ്ങുന്നത് പ്രതിപക്ഷ നേതാവ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളുടെ വീഡിയോ ക്‌ളിപ്പുകൾ ഉപയോഗിച്ചുകൊണ്ടാണ് അണിയറയിൽ ട്രോളുകൾ ഒരുങ്ങുന്നത്. കേരളത്തിൽ ചരിത്രത്തിലാദ്യമായി തുടർ ഭരണമുണ്ടാകുന്നത് ആവേശത്തോടെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നതിനായി ആ നിമേറ്റഡ് ട്രോളുകളും വീഡിയോകളും വെർച്ച്വൽ റാലികളും വീഡിയോയുകളുമാണ് സിപിഎം സൈബർ പോരാളികൾ ഒരുക്കിയിരിക്കുന്നത്.

വോട്ടെണ്ണൽ ദിവസം ആദ്യഫല സൂചന വരുന്നതു മുതൽ ഇവ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു തുടങ്ങും.പ്രതിപക്ഷ നേതാവിനെ മാത്രമല്ല കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രൻ എന്നിവരെ സൈബർ പോരാളികൾ പ്രത്യേക ഉന്നമിട്ടിട്ടുണ്ട്. കോന്നിയിലും മഞ്ചേശ്വരത്തും പ്രതീക്ഷിക്കപ്പെടുന്ന കെ.സുരേന്ദ്രന്റെ തോൽവിയും ബി ജെ.പിയുടെ ദയനീയ പ്രകടനവും പ്രത്യേകം ടാർജറ്റു ചെയ്തു കൊണ്ടുള്ള കടന്നാക്രമണങ്ങളാണ് അണിയറയിൽ തയ്യാറായിട്ടുള്ളത്. കൊ വിഡ് പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനമുന്നയിച്ച വി.മുരളീധരനെതിരെയുള്ള കടന്നാക്രമണങ്ങൾക്ക് മൂർച്ച ഏറെ കൂടും.

ചാനലുകളിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന ബിജെപി വക്താക്കളായ സന്ദീപ് വാര്യർ, സന്ദീപ് വാചസ്പതി, ബി.ഗോപാലകൃഷ്ണൻ, ജെ.ആർ പത്മകുമാർ, വിവി രാജേഷ് എന്നിവരുടെ തോൽവിയും വലിയ ആഘോഷമാക്കാനാണ് സൈബർ പോരാളികളുടെ തീരുമാനം രണ്ടാം പിണറായി സർക്കാരിനെ വിമർശിക്കാൻ നാവു പൊങ്ങാത്ത വിധത്തിൽ ഇവർക്കെതിരെ കഴിഞ്ഞ ഏപ്രിൽ ആറിന് ശേഷം തങ്ങൾ സൈബറിടത്തിലുടെ ഇവർക്കെതിരെയുള്ള അറ്റാക്കിങ്ങിനായി അണിയറയിൽ ഒരുങ്ങിയിരുന്നതായി കണ്ണൂരിൽ സിപിഎം സൈബർ പ്രചാരണത്തിന് നേതൃത്വം നൽകുന്നവരിലെ ഒരു പ്രമുഖനായ ഒരു യുവജന നേതാവ് പറഞ്ഞു.

പാർട്ടിയെയും സർക്കാരിനെയും മുഖ്യമന്ത്രിയെയും ബോധപൂർവ്വം പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചവർക്കെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് മെയ് രണ്ടിന് ഫലപ്രഖ്യാപനം വന്നാൽ സോഷ്യൽ മീഡിയയിലൂടെ ലഭിക്കാൻ പോകുന്നതെന്നും ഇദ്ദേഹം പറഞ്ഞു.രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉഗ്രസ്‌ഫോടക ശക്തിയുള്ള ബോംബെറിയുന്ന അതേ പ്രഹര ശക്തിയോടെയാണ് കണ്ണൂർ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ അറ്റാക്കിങ്ങിനും സിപിഎം സൈബർ പോരാളികൾ ഒരുങ്ങുന്നത് നുറ് കണക്കിനാളുകളാണ് ഇതിന് പിന്നിൽ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നത്.

ബിജെപി നേതാക്കളെ കുടാതെ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.കെ.സുധാകരൻ എംപി, പി.സി വിഷ്ണുനാഥ്, എം.എം ഹസൻ' ജ്യോതികുമാർ ചാമക്കാല, തുടങ്ങി എ.ഐ.സി.സി നേതാക്കളായ എ.കെ ആന്റണി. കെ.സി വേണുഗോപാൽ, രാഹുൽ ഗാന്ധി എന്നിവരിലേക്കു വരെ സോഷ്യൽ മീഡിയയിൽ തേച്ചൊട്ടിക്കാനാണ് തീരുമാനം.കഴിഞ്ഞ അഞ്ചു വർഷക്കാലം സർക്കാരിനെതിരെ പട നയിച്ച മുഖ്യധാര പത്രങ്ങൾക്കും ചാനലുകൾക്കും യുട്യുബ് വാർത്താ മാധ്യമങ്ങൾക്കുമെതിരെ അതിശക്തമായ വിമർശനമാണ് ഇക്കുറിയുണ്ടാവുക. രാഷ്ട്രീയ നിരീക്ഷകരായി സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ചാനൽ ചർച്ചകളിൽ അതിരൂക്ഷ വിമർശനമുന്നയിക്കാറുള്ള അഡ്വ.ജയശങ്കർ, ജോസഫ് മാത്യു, ശ്രീജിത്ത് പണിക്കർ കെ.എം ഷാജഹാൻ, കെ.സി ഉമേഷ് ബാബു ' തുടങ്ങിയവർക്കെതിരെയും ട്രോൾ പൊങ്കാലയുണ്ടാകും.

വിവിധ വിഷയങ്ങളിൽ പാർട്ടിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കാറുള്ള ചാനൽ അവതാരകരെയും വെറുതെ വിടില്ലെന്ന തീരുമാനത്തിലാണ് സൈബർ പോരാളികൾ. കൊ വിഡ് നിയന്ത്രണങ്ങളുള്ളതിനാൽ തെരുവിൽ ആഹ്‌ളാദ പ്രകടനവും ബൈക്ക് റാലികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതിയും വിലക്കിയതിന്റെ പശ്ചാത്തലത്തിലാണ് സോഷ്യൽ ആഘോഷ പ്രകടനങ്ങൾക്കായി സിപിഎം ഒരുങ്ങുന്നത്.

എന്നാൽ എക്‌സിറ്റ് പോൾ പ്രകാരം സംസ്ഥാനത്ത് പിണറായി തരംഗം ആഞ്ഞുവീശുകയും സിപിഎമ്മിന് പ്രതീക്ഷിച്ച സ്ഥലങ്ങളിലൊക്കെ വൻ വിജയം ലഭിക്കുകയെങ്കിലും ചെയ്താൽ മാത്രമേ സോഷ്യൽ മീഡിയയിലൂടെ അറ്റാക്കിങ്ങിന് മൂർച്ച കുടുകയുള്ളു. വിജയത്തിന്റെ മാർജിൻ താഴുന്നതനുസരിച്ച് ആഘോഷ പൊലിമയും കുറഞ്ഞേക്കാം.