പത്തനംതിട്ട: കഴിഞ്ഞ ഞായറാഴ്ച അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലുണ്ടായ സംഘർഷത്തിനിടെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ചുവെന്ന് ആരോപിച്ച് കൊടുമൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഇഎസ് ഷൈമോനെ കൈകാര്യം ചെയ്യണമെന്ന് കാട്ടി ചുവന്ന അങ്ങാടിക്കൽ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ ആഹ്വാനം.

അക്രമത്തിനുള്ള ആഹ്വാനം ഏറ്റു പിടിച്ച് സംസ്ഥാനമൊട്ടാകെയുള്ള സൈബർ സഖാക്കളും രംഗത്തു വന്നു. പൊലീസുകാരനെ കൈകാര്യം ചെയ്യണമെന്നുള്ള കമന്റുകൾ പോസ്റ്റിന് അടിയിൽ ധാരാളം വന്നതിനെ തുടർന്ന് പൊലീസുകാരൻ പത്തനംതിട്ട എസ്‌പി അടക്കം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ചെറുവിരൽ പോലും അനക്കാൻ തയാറായിട്ടില്ല. പ്രകോപനപരമായ കമന്റിട്ടവർ അടക്കം സൈബർ കുറ്റകൃത്യത്തിൽ പങ്കാളികളാകുമെന്നിരിക്കേ പൊലീസിന്റെ നിശബ്ദത സേനയിൽ തന്നെ വിമർശനത്തിന് കാരണമാകുന്നു.

കഴിഞ്ഞ ഞായറാഴ്ച അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐ-സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. സോഡാക്കുപ്പി കൊണ്ടുള്ള ഏറ് കൊണ്ട് കൊടുമൺ എസ്എച്ച്ഓ മഹേഷ് കുമാറിന് തലയ്ക്ക് സാരമായി പരുക്കേറ്റു. പ്രകോപിതരായ പൊലീസ് സേന കണ്ണിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ട് തല്ലി. അടൂർ കെഎപി മൂന്നാം ബറ്റാലിയനിൽ നിന്നുള്ള പൊലീസുകാരും ലാത്തിച്ചാർജിന് ഉണ്ടായിരുന്നു.

ഈ കൂട്ടത്തിൽ ഷൈമോനെ മാത്രം തെരഞ്ഞു പിടിച്ചാണ് സിപിഎം സൈബർ സഖാക്കൾ ചിത്രം സഹിതം പോസ്റ്റിട്ടിരിക്കുന്നത്. പൊലീസുകാരനെ അക്രമിക്കണമെന്നു തന്നെയാണ് പോസ്റ്റിലുള്ള ആഹ്വാനം. പോസ്റ്റ് ഇങ്ങനെ:

ഷൈമോൻ ഇഎസ്
പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ

സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെ തെരഞ്ഞു പിടിച്ച് അടിക്കുന്നതിൽ വിദഗ്ധൻ. കഴിഞ്ഞ ദിവസം കൊടുമൺ പൊലിസ് സ്റ്റേഷൻ എസ്എച്ച്ഓയ്ക്ക് നേരെയുണ്ടായ ഏകപക്ഷീയമായ അക്രമത്തിൽ അക്രമികളെ പിടിക്കാതെ അവർക്ക് രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചു. വിഷയത്തിന്റെ ഗതിമാറ്റി നിരപരാധികളായ ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരെ നിർദാക്ഷിണ്യം തല്ലിച്ചതച്ചത് ഇവന്റെ നേതൃത്വത്തിലാണ്. സുപ്പീരിയർ ഓഫീസേഴ്സിന്റെ മുന്നിൽ വച്ച് കേട്ടാൽ അറക്കുന്ന തെറി വിളിച്ചു വൈരാഗ്യബുദ്ധിയോടെ പെരുമാറിയ കാക്കിക്കുള്ളിലെ ക്രിമിനൽ. പൊലീസ് ഓഫീസേഴ്സ് അടിക്കരുതെന്ന് പറഞ്ഞപ്പോഴും അതൊന്നും വക വയ്ക്കാതെ ഓർഡർ മറികടന്നു തെരഞ്ഞുപിടിച്ച് സഖാക്കളെ അടിച്ച ഏമാൻ. പ്രതികരിക്കുക.

പോസ്റ്റിന് ചുവടെ നിരവധി പ്രകോപനപരമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനുവരി 18 നാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെ ഷൈമോൻ അവധിയിൽ പ്രേവശിച്ചിരിക്കുകയാണ്.