കണ്ണൂർ: ട്രേഡ് യൂണിയനുകളുടെ രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് തുടരുമ്പോൾ, കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് വേദിക്കായി നിർമ്മാണം തകൃതിയായി തുടരുന്നതായി ആരോപണം. നിരവധി തൊഴിലാളികൾ പണി മുടക്ക് ദിനത്തിലും ജോലി ചെയ്യുന്നുവെന്നാണ് ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നായനാർ അക്കാദമിയിലേയും, ടൗൺ സ്‌ക്വയറിലേയും വേദി നിർമ്മാണമാണ് പുരോഗമിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള സ്വകാര്യ കമ്പനിക്കാണ് നിർമ്മാണത്തിനുള്ള കരാർ നൽകിയിരിക്കുന്നത്. ഏപ്രിൽ 6 മുതൽ 10 വരെയാണ് പാർട്ടി കോൺഗ്രസ്.

എന്നാൽ, ഇ.കെ നായനാർ അക്കാദമിയിൽ ദേശീയപണിമുടക്ക് ദിവസം പ്രതിനിധി സമ്മേളന ഹാളിന്റെ നിർമ്മാണം നടക്കുന്നുവെന്ന ആരോപണം നിഷേധിച്ച് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ രംഗത്തെത്തി. കണ്ണൂരിൽ സംഘാടക സമിതി നടത്തിയ വാർത്താസമ്മേളനത്തിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനവേദിയുടെ നിർമ്മാണം നടത്തുന്നത് കരാർ കമ്പനിയാണ്. ഇതരസംസ്ഥാന തൊഴിലാളികൾ അവിടെ താമസിച്ചു ജോലി ചെയ്തുവരികയാണെന്നും പണിമുടക്ക് ദിവസം പാർട്ടി സമ്മേളന വേദിയുടെ നിർമ്മാണം നടത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടി. കണ്ണൂരിലൊരിടത്തും പാർട്ടി കോൺഗ്രസ് പ്രവർത്തനങ്ങളുടെ ഭാഗമായി പണിമുടക്ക് ദിവസം നിർമ്മാണ പ്രവർത്തനം നടക്കുന്നില്ല. സമ്മേളനപന്തൽ ഉൾപ്പെടെ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.

ഇതരസംസ്ഥാന തൊഴിലാളികൾ അവിടെ താമസിച്ചു ജോലി ചെയ്യുന്നതു കണ്ട് ചില ചാനലുകൾ അതു വാർത്തയാക്കുകയായിരുന്നു. എന്നാൽ ഇതിൽ കഴമ്പില്ലെന്നും കൊടും വേനലിൽ ആയാസകരമായാണ് തൊഴിലാളികൾ അധ്വാനം നിറഞ്ഞ ജോലി ചെയ്യുന്നതെന്നും ജയരാജൻ പറഞ്ഞു.

തിങ്കളാഴ്‌ച്ച രാവിലെ തുടങ്ങിയ അഖിലേന്ത്യാപണിമുടക്കിന്റെ ഭാഗമായി നിർമ്മാണ മേഖലയടക്കം സ്തംഭിച്ചു നിൽക്കുമ്പോൾ സി.പി. എംപാർട്ടി കോൺഗ്രസിന്റെ ഭാഗമായി നിർമ്മിക്കുന്ന സമ്മേളനഹാളും ടൗൺസ്‌ക്വയറിലെ ശിൽപ്പ, ചിത്രപ്രദർശനവും പുസ്തകോത്സവത്തിന്റെ പന്തൽ നിർമ്മാണം നടക്കുന്നുവെന്നായിരുന്നു ചില ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്.

സിപിഎം 23-ാം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന് ഒരുങ്ങുന്നത് കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സമ്മേളന നഗരിയാണ്. ആദ്യമായി കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് ചരിത്രമാകുമ്പോൾ ബർണശേരി നായനാർ അക്കാദമിയിലെ പ്രതിനിധി സമ്മേളന ഹാളും വൈവിധ്യങ്ങളാൽ ചരിത്രത്തിൽ ഇടംപിടിക്കും. 34,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഹാൾ പാർട്ടി കോൺഗ്രസിനു ശേഷവും ഉപയോഗിക്കാവുന്ന തരത്തിലുള്ള സ്ഥിര നിർമ്മിതിയാണ് നടത്തുന്നത്.

അക്കാദമി സ്ഥിതിചെയ്യുന്നത് കടലിനോടടുത്ത പ്രദേശത്തായതിനാൽ ഉപ്പുകലർന്ന കടൽക്കാറ്റേറ്റ് ദ്രവിക്കാതിരിക്കാൻ അനൊഡൈസ്ഡ് അലൂമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചു. ടെൻസൈൽകൊണ്ടാണ് മേൽക്കൂര. ഹാളിന് 80 മീറ്റർ നീളവും 40 മീറ്റർ വീതിയുമുണ്ടാകും. മധ്യഭാഗത്ത് പത്ത് മീറ്ററും ഇരുവശങ്ങളും നാല് മീറ്ററുമാണ് ഹാളിന്റെ ഉയരം.

സമ്മേളന പ്രതിനിധികളായ ആയിരം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഇത്രയും വിസ്തീർണമുള്ള ഹാളാണെങ്കിലും ഒരു തൂണുപോലുമില്ല. അതിനാൽ എവിടെയായാലും കാഴ്ചയ്ക്ക് തടസ്സമുണ്ടാകില്ല. പ്രായമായവർക്ക് ബുദ്ധിമുട്ടില്ലാതെ മണിക്കൂറുകളോളം അനായസം ഇരിക്കാനാവുന്ന കസേരകളാണ് ഒരുക്കുന്നത്. കസേരയും ഡെസ്‌കും അടക്കം ഒരാൾക്ക് ഇരിക്കാൻ പത്ത് ചതുരശ്ര മീറ്റർ സ്ഥലം ഉണ്ടാകും. ഡെസ്‌ക് ഒഴിവാക്കിയാൽ മൂവായിരം പേർക്ക് സെൻട്രലൈസ്ഡ് എസി ഹാളിൽ ഇരിക്കാം.

സ്റ്റേജിനോട് ചേർന്ന് സമ്മേളന വേദിയിലുള്ള ഉന്നത നേതാക്കൾക്ക് വിശ്രമിക്കാനുള്ള ഗ്രീൻ റൂം ഉണ്ടാകും. പിറകിലിരിക്കുന്നവർക്കും സമ്മേളന നടപടികൾ വ്യക്തമായി കാണാൻ അത്യാധുനിക എൽഇഡി വാൾ സജീകരിക്കും. ഇതിൽ കണ്ണൂരിലെയും കേരളത്തിലെയും കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്ര കാലം മിന്നി മറിയും നിലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇത്രയും വിസ്തൃതിയിൽ ഹാൾ നിർമ്മിക്കാൻ ആവശ്യമായതിന്റെ നാലിലൊന്ന് തുകമാത്രമാണ് ചെലവിടുന്നതെന്ന് സമ്മേളന നഗരിയുടെ മുഖ്യ സംഘാടകരിലൊരാളായ ജയിംസ് മാത്യു പറഞ്ഞു.