തിരുവനന്തപുരം : ഉറപ്പാണ് എൽഡിഎഫ് എന്ന തിരഞ്ഞെടുപ്പ് പ്രചാരണ വാക്യം അർത്ഥവത്താക്കും വിധമുള്ള തിരഞ്ഞെടുപ്പ് വിജയം നേടുമെന്ന് സിപിഎം വിലയിരുത്തൽ. നിയമസഭ തെരഞ്ഞെടുപ്പിൽ 80 സീറ്റിന് മുകളിൽ ലഭിച്ചേക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഇടത് അനുകൂല തരംഗമുണ്ടായാൽ സീറ്റുകളുടെ എണ്ണം 100 ആകുമെന്നും നേതൃയോഗം വിലയിരുത്തി.

ഏതു സാഹചര്യമുണ്ടായാലും ഇടതുപക്ഷത്തിന് 80 സീറ്റ് ലഭിച്ചേക്കും. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ, കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ, വികസനം, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ എന്നിവ എൽഡിഎഫിന് അനുകൂല വിധിയെഴുത്തിന് സഹായകരമാകുമെന്നാണ് സിപിഎം നേതൃയോഗം വിലയിരുത്തിയത്.

ബിജെപി വോട്ടുകൾ പലയിടത്തും നിർജീവമായെന്നും നേതൃയോഗം കണക്കുകൂട്ടുന്നു. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ ബിജെപി വോട്ടുകൾ ആർക്കും ലഭിക്കാത്ത സാഹചര്യമുണ്ട്. ബിജെപി, ബിഡിജെഎസ് സ്ഥാനാർത്ഥികൾ ദുർബലരായ മണ്ഡലങ്ങളിലും വോട്ടുകൾ നിർജീവമായിപ്പോയിട്ടുണ്ടാകുമെന്ന് സിപിഎം വിലയിരുത്തുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേർന്ന സിപിഐഎം സമ്പൂർണ്ണ നേതൃയോഗത്തിന്റേതാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയും പ്രാദേശിക കമ്മിറ്റികളുടെ വിലയിരുത്തലുകളും ചർച്ച ചെയ്യുന്നതിനാണ് പാർട്ടി നേതൃയോഗം വിളിച്ചുചേർത്തത്.

ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും റാലികൾ യുഡിഎഫിന് ഗുണം ചെയ്തെന്ന് തന്നെയാണ് സിപിഎമ്മിന്റേയും വിലയിരുത്തൽ. എന്നാൽ കേരളത്തിന്റെ അധികാരം പിടിക്കുന്ന വിധത്തിൽ നേട്ടമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നാണ് സിപിഎം വിലയിരുത്തുന്നത്.

അതിനിടെ പാർട്ടി രാജ്യസഭാ സ്ഥാനാർത്ഥികളേയും തീരുമാനിച്ചു. കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ പ്രത്യേകം ഉപദേഷ്ടാവിൽ ഒരാളുമായിരുന്ന ജോൺ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗമായ ഡോ: ശിവദാസിനേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
വയലാർ രവി, പിവി അബ്ദുൾ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്. നിലവിൽ നിയമസഭയിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ട് സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് ലഭിക്കുക.

യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ പിവി അബ്ദുൾ വഹാബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചെറിയാൻ ഫിലിപ്പിനെ ഒരു സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോൾ ചെറിയാൻ ഫിലിപ്പിനെ സ്ഥാനാർത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം എളമരം കരീമിനെ നിർദ്ദേശിക്കുകയായിരുന്നു.ഇതിന് പുറമേ ഇപി ജയരാജൻ, തോമസ് ഐസക്, എകെ ബാലൻ, ജി സുധാകരൻ എന്നിവരുടെ പേരുകളും ഉയർന്നിരുന്നു.