തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം ഇത്തവണത്തെ എറണാകുളത്ത് നടക്കും. ഫെബ്രുവരിയിലാകും സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15 മുതൽ നടക്കും. ജില്ലാ സമ്മേളനങ്ങൾ ജനുവരിയിലാകും നടക്കുക.

അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന് കണ്ണൂരാണ് വേദിയാകുക. ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് കണ്ണൂരിനെ പാർട്ടി കോൺഗ്രസിനുള്ള വേദിയായി തെരഞ്ഞെടുത്തത്. ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺഗ്രസ് എത്തുന്നത്.

നേരത്തെ കോഴിക്കോട് നഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺഗ്രസ് ചേർന്നിരുന്നു. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സമ്മേളനങ്ങൾ സാധാരണ പോലെ നടത്തുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. നിയന്ത്രണം ഉള്ള ചില സ്ഥലങ്ങളിൽ മാത്രം വിർച്ച്വൽ ആയി സമ്മേളനങ്ങൾ നടത്തും. സംസ്ഥാന സമ്മേളനങ്ങൾ ഒക്ടോബർ മുതൽ തുടങ്ങുമെന്നും സിപിഎം നേതാക്കൾ അറിയിച്ചിരുന്നു.