തൃശൂർ: തൃശൂർ മേയർ എംകെ വർഗീസിനെതിരെ ഭരണമുന്നണിയിൽ അതൃപ്തി പുകയുന്നു. കോർപ്പറേഷൻ പ്രവർത്തനങ്ങൾ തങ്ങളോട് ആലോചിക്കുന്നില്ലെന്ന പരാതിയാണ് സിപിഎമ്മിന്. മേയർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെ പോലും ഗൗനിക്കുന്നില്ലെന്നും പാർട്ടിക്കുള്ളിൽ പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ വർഗീസിനെ പിന്തുണച്ചില്ലെങ്കിൽ ഭരണം നഷ്ടപ്പെടുമെന്നതിനാൽ മറ്റൊരു ചോയ്‌സ് സിപിഎമ്മിന് മുന്നിലില്ല. എന്നാൽ സിപിഎം ജില്ലാ നേതൃത്വം വർഗീസിനെ നേരിട്ട് അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

സിപിഎം അറിയാതെ കോർപറേഷൻ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാനുള്ള കരട് രേഖ മേയർ നേരിട്ട് തയ്യാറാക്കി അസി. സെക്രട്ടറിക്ക് നൽകിയതാണ് ഏറ്റവും ഒടിവിലത്തെ പ്രശ്‌നങ്ങൾക്ക് കാരണം. ഇക്കാര്യത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. കൂടിയാലോചനകളില്ലാതെ പ്രാഥമിക ചർച്ചകളിലേക്ക് പോലും കടന്നിട്ടില്ലാത്ത കാര്യത്തിലാണ് മേയർ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കുന്നതിനുള്ള കരട് രേഖ തയാറാക്കിയത്. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് സിപിഎം നേതൃത്വം പോലും ഇക്കാര്യമറിഞ്ഞത്.

കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ വലിയ യൂണിയനായ സിഐടിയു നിയന്ത്രണത്തിലുള്ള സംഘടനയും ഇക്കാര്യമറിഞ്ഞത് വാർത്ത വന്നതോടെയാണ്. സിപിഎം നേതൃത്വത്തെ ബന്ധപ്പെട്ടപ്പോൾ അത്തരമൊരു ആലോചനപോലും നടന്നിട്ടില്ലെന്നും ഇത്തരമൊരു കാര്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചതെന്ന് ഇടത് യൂണിയൻ നേതൃത്വം അവരുടെ ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പിൽ അംഗങ്ങൾക്കായി പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിന് അധികാരമുള്ള ഏക തദ്ദേശ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ. മേയർ ചെയർമാനായി തൃശൂർ കോർപറേഷൻ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റ് ലിമിറ്റഡ് (ടിസിഇഡിഎൽ) എന്ന കമ്പനി രൂപവത്കരിക്കാനാണ് മേയർ കരട് രേഖ തയാറാക്കിയത്. മേയറുടെ നടപടികൾ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത് തുടരുകയാണ്. നേരത്തെ പൊലീസ് സല്യൂട്ട് നൽകുന്നില്ലെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് മേയർ കത്ത് നൽകിയത് ചർച്ചക്കിടയാക്കിയിരുന്നു.

പിന്നാലെ കോർപറേഷൻ ശക്തൻ നഗർ വികസനത്തിന് സുരേഷ് ഗോപി എംപി ഫണ്ടിൽനിന്ന് ഒരു കോടി അനുവദിച്ചതിന് നന്ദി അറിയിച്ച് കത്ത് നൽകിയതും വിവാദത്തിനിടയാക്കി. അതൃപ്തി ശക്തമായി പുകയുന്നുണ്ടെങ്കിലും പരസ്യ പ്രതികരണങ്ങളിലേക്ക് ഇതുവരെ കടന്നിട്ടില്ല. എന്നാൽ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാനുള്ള തീരുമാനത്തിൽ ചർച്ചയും കൂടിയാലോചനകളും നടത്തേണ്ടതുണ്ടെന്നിരിക്കെ മേയർ തിടുക്കപ്പെട്ട് നടത്തിയ നീക്കത്തിൽ നേതാക്കൾ കടുത്ത അമർഷത്തിലാണ്. ഇങ്ങനെയാണെങ്കിൽ മേയർക്കെതിരെ പാർട്ടി നിലപാട് പ്രഖ്യാപിക്കേണ്ടി വരുമെന്നും പാർട്ടി ഒന്നടങ്കം ക്ഷമയുടെ നെല്ലിപ്പലകയിലാണെന്നും ഒരു മുതിർന്ന നേതാവ് അഭിപ്രായപ്പെട്ടു.