ന്യൂഡൽഹി: കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയം എങ്ങുമെത്തുന്നില്ല. ജോസഫ് വാഴക്കൻ, കെ ബാബു, കെസി ജോസഫ് തുടങ്ങിയ ഗ്രൂപ്പ് മാനേജർമാർക്ക് സീറ്റ് കൊടുക്കാൻ കഴിയാത്തതാണ് ഇതിന് പ്രധാന കാരണം. 60 ശതമാനം പുതുമുഖങ്ങൾ എന്ന കാര്യത്തിൽ വിട്ടു വീഴ്ച ഇല്ലാതെ ഹൈക്കമാണ്ട് നിലപാട് എടുക്കുന്നതാണ് ഇതിന് കാരണം. നേമം, വട്ടിയൂർക്കാവ് തുടങ്ങിയ സീറ്റുകളിലെ ചർച്ചകളും സജീവം. നേമത്ത് കെ മുരളീധരൻ മത്സരിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ സ്ഥാനാർത്ഥി പട്ടികയിലെ താരമായി മുരളീധരൻ മാറും.

നേമത്തെ ബിജെപി വെല്ലുവിളി ഏറ്റെടുക്കാൻ മുരളി തയ്യാറായതോടെ വലിയ തലവേദന ഒഴിഞ്ഞു. എന്നിട്ടും മറ്റിടത്ത് കാര്യങ്ങൾ പ്രതിസന്ധിയിലും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കം മുഴുവൻ ഗ്രൂപ്പ് നേതാക്കളുടെ പേരിലാണ്. ലിസ്റ്റ് പുറത്തു വന്നാൽ ഉടൻ ബിജെപിയിലേക്ക് ചാടാൻ തയ്യാറെടുത്ത് ഒരു ഡസനിൽ ഏറെ കാലഹരണപ്പെട്ട നേതാക്കൾ തയ്യാറെടുക്കുന്നതായി കോൺഗ്രസ് കണക്കു കൂട്ടുന്നു. ഇവരെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പട്ടികയിൽ 60% പുതുമുഖങ്ങളും ബാക്കി സീറ്റുകളിൽ മുതിർന്നവരും എന്ന ഫോർമുലയാണു ഹൈക്കമാൻഡ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിൽ ഒരു ഇളവും ഉണ്ടാകില്ലെന്നും ഹൈക്കമാൻഡ് പ്രതിനിധികൾ അറിയിച്ചു.

ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്ന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കണമെന്ന നിർദ്ദേശം നടപ്പാക്കാത്തതിലും ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. ഓരോ മണ്ഡലത്തിലും ഒരു പേരിലേക്കു ചുരുക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധിയാണ്. സിറ്റിങ് എംഎൽഎമാരുടെ മണ്ഡലത്തിൽ മാത്രമാണ് ധാരണയായത്. സിറ്റിങ് എംഎൽഎമാർക്കെല്ലാം സീറ്റ് കൊടുത്തിട്ടും കെസി ജോസഫിനെ ഒഴിവാക്കുന്നത് ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി വാദിക്കുന്നു. കെ ബാബുവിനെ തൃപ്പുണ്ണിത്തുറയിൽ വേണമെന്നും ആവശ്യപ്പെടുന്നു. ജോസഫ് വാഴക്കന് വേണ്ടി രമേശ് ചെന്നിത്തലയും. കെ ബാബുവിന് പകരം സൗമിനി ജയിനിന്റെ പേരിനോടാണ് ഹൈക്കമാണ്ടിന് താൽപ്പര്യം. ജോസഫ് വാഴക്കന് വിനയാകുന്നത് മാത്യു കുഴൽനടാന്റെ ചെറുപ്പമാണ്.

പിസി ചാക്കോ കോൺഗ്രസിൽ നിന്ന് രാജി വച്ചു കഴിഞ്ഞു. സമാന രീതിയിൽ പലരും പാർട്ടി വിടുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടെയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തീരുമാനം വൈകുന്നതും. എംപിമാർ പിണക്കത്തിലുമാണ്. തങ്ങളോട് ആലോചിക്കാതെ ഗ്രൂപ്പ് നേതാക്കൾ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചാൽ, വിജയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തവും അവർ തന്നെ ഏൽക്കണമെന്ന് എംപിമാരായ കെ. സുധാകരൻ, എം.കെ. രാഘവൻ, ടി.എൻ. പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ തുറന്നടിച്ചു. സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടവരുടെ പട്ടിക വാങ്ങിയ ശേഷം, സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കുന്നതു പ്രഹസനമാണെന്നും ഇവർ വ്യക്തമാക്കി.

ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയിട്ട് പരാജയപ്പെട്ടാൽ ഉത്തരവാദിത്തം എംപിമാരുടെ തലയിൽ കെട്ടിവയ്ക്കരുതെന്നു രാഘവൻ പറഞ്ഞു. എഐസിസി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലും അദ്ദേഹം നിലപാട് ആവർത്തിച്ചു. വിമർശനം ഹൈക്കമാൻഡിനെ അറിയിക്കാമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു. സ്ഥാനാർത്ഥി പട്ടിക രൂപീകരണം സംബന്ധിച്ച് തർക്കം മുറുകിയതോടെ ഹൈക്കമാൻഡ് രംഗത്തുവന്നു.

ചേരിതിരിഞ്ഞുള്ള പോരാട്ടം അനുവദിക്കില്ലെന്നും ഗ്രൂപ്പ് വീതംവയ്പ് അംഗീകരിക്കില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ സന്ദേശം എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നിവർ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.