തിരുവനന്തപുരം: കർക്കിടക വാവു ദിവസം ബലിതർപ്പണത്തിന് പോയ കുടുംബത്തിന് പിഴയിട്ട സംഭവത്തിൽ കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി. ബലിതർപ്പണത്തിനായി പോയ അമ്മയ്ക്കും മകനും 2000 രൂപ പിഴ ചുമത്തി 500രൂപയുടെ രസീതുകൊടുത്ത ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സിപിഒ അരുൺ ശശിയെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സസ്പെന്റ് ചെയ്തത്. സിഐയ്ക്ക് എതിരെ അന്വേഷണം നടത്താനും നിർദ്ദേശമുണ്ട്.

ശ്രീകാര്യം വെഞ്ചാവോട് ശബരിനഗറിലെ നവീനെയും (19) അമ്മയെയുമാണ് പൊലീസ് പിഴ ഈടാക്കി തിരിച്ചയച്ചത്.ശ്രീകാര്യം സ്വദേശിയായ നവീനിൽനിന്നാണ് പിഴ ഈടാക്കിയത്. ശ്രീകാര്യം വെൺചാവോടുള്ള വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൽ അമ്മയ്ക്കൊപ്പം ബലിയിടാൻ പോയപ്പോഴാണ് പൊലീസ് തടഞ്ഞു നിർത്തിയത്. ബലിതർപ്പണം വീട്ടിൽ നടത്തണമെന്നാണ് നിർദേശമെന്നും അതിനാൽ പുറത്തിറങ്ങിയത് തെറ്റെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. എങ്കിൽ തിരികെ പൊയ്ക്കോളാമെന്ന് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. നവീനിൽനിന്ന് പിഴയായി 2000 രൂപ വാങ്ങിയെങ്കിലും നൽകിയ രസീതിൽ 500 രൂപയെന്നാണ് എഴുതിയിരിക്കുന്നത്.

രസീതിൽ എഴുതിയത് തെറ്റിപ്പോയതാണെന്നും ബലിതർപ്പണത്തിന് അനുവാദമില്ലെന്നും സമ്പൂർണ ലോക്ഡൗൺ ദിവസം പുറത്തിറങ്ങിയതിനാണ് പിഴ ഈടാക്കിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, നവീൻ ബലിയിടാൻ പോയ ക്ഷേത്രത്തിൽ മുൻകൂട്ടി സമയം ബുക് ചെയ്ത് ബലിതർപ്പണമുണ്ടായിരുന്നു. ബുക് ചെയ്ത ശേഷമായിരുന്നു നവീൻ ക്ഷേത്രത്തിലേക്ക് പോയത്.എന്നാൽ പൊലീസ് പറഞ്ഞപ്പോൾ തിരിച്ചുപോകാനായി കാർ പിന്നിലേക്കെടുത്തപ്പോൾ പൊലീസുകാരനെത്തി 2000 രൂപ പിഴ നൽകാൻ ആവശ്യപ്പെട്ടു. അമ്മയെയും മകനെയും ശ്രീകാര്യം സ്റ്റേഷനിലേക്കു കൊണ്ടുപോയി 2000 രൂപ വാങ്ങിയശേഷം 500 രൂപയുടെ റസീറ്റ് നൽകുകയായിരുന്നുവെന്നും നവിൻ പറയുന്നു.

തുടർന്നാണ് നവീൻ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്.അതേസമയം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും പൊലീസിന്റെ പിഴയീടാക്കൽ പതിവു പോലെ തുടരുന്നതിൽ കടുത്ത അമർഷമാണ് ജനങ്ങൾക്കുള്ളത്. മൂന്നു ദിവസത്തിനിടെ 70,000ത്തോളം പേരാണ് നടപടി നേരിട്ടത്. ഓരോ സ്റ്റേഷനും ക്വോട്ട നിശ്ചയിച്ച് നൽകിയിരിക്കുന്നതാണ് സാധാരണക്കാർക്കെതിരായ വ്യാപക നടപടിക്ക് കാരണം. എന്നാൽ രാഷ്ട്രീയക്കാർ ലോക്ഡൗൺ ലംഘിച്ച കേസുകളിൽ നടപടിയില്ലെന്നും ആക്ഷേപമുണ്ട്.