ബ്രിസ്ബെയ്ൻ: 186 റൺസിലാണ് ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമാകുന്നത്.ഇതോടെ കാര്യങ്ങൾ ഏതാണ്ട് എഴുതപ്പെട്ടമട്ടായിരുന്നു. കഴിഞ്ഞ ടെസ്റ്റിലെ താരം ഋഷഭ് പന്തിനെ ഹെയ്സൽവുഡ് പുറത്താക്കിയതോടെ ഇന്ത്യൻ ഇന്നിങ്സ് പെട്ടെന്ന് ചുരുട്ടിക്കൂട്ടാമെന്നായിരുന്നു ഓസീസി ന്റെയും കണക്കുകൂട്ടൽ.പക്ഷെ ഇന്ത്യൻ ആരാധകരുടെത് ഉൾപ്പടെ കണക്കുകൂട്ടൽ തെറ്റിച്ച അത്ഭുത പാർട്ണർഷിപ്പ് തുടങ്ങുന്നത് ഇവിടെ നിന്നാണ്.എല്ലാവരേയും അദ്ഭുതപ്പെടുത്തി ഏഴാം വിക്കറ്റിൽ ഒന്നിച്ച വാഷിങ്ടൺ സുന്ദർ - ഷാർദുൽ താക്കൂർ സഖ്യം ഇന്ത്യയ്ക്കായി ഗാബയിൽ പ്രതിരോധം തീർക്കുകയായിരുന്നു.ഏഴാം വിക്കറ്റിൽ 123 റൺസിന്റെ കൂട്ടുകെട്ടാണ് ഇ സംഖ്യം പടുത്തുയർത്തിയത്.

മാത്രമല്ല ഏഴാം വിക്കറ്റിൽ ഒരു ഇന്ത്യൻ സഖ്യത്തിന്റെ ഉയർന്ന കൂട്ടുകെട്ടെന്ന റെക്കോഡും വാഷിങ്ടൺ സുന്ദർ - ഷാർദുൽ താക്കൂർ സഖ്യം ഗാബയിൽ സ്വന്തമാക്കി.30 വർഷം മുമ്പ് കപിൽ ദേവ്- മനോജ് പ്രഭാകർ സഖ്യം സ്വന്തമാക്കിയ 58 റൺസിന്റെ റെക്കോഡാണ് ഇരുവരും ചേർന്ന് തിരുത്തിയത്.ടീമിലെ പ്രധാന താരങ്ങൾക്ക് പരിക്കേറ്റതോടെ ലഭിച്ച അവസരം ഇരുവരും നന്നായി വിനിയോഗിക്കുകയായിരുന്നു.കുൽദീപിനെ പുറത്തിരുത്തി വാഷിങ്ങ് ടൺ സുന്ദറിനെ ടീമിലുൾപ്പെടുത്തിയത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനൊക്കെത്തന്നെയും ആദ്യം പന്തുകൊണ്ടും ഇപ്പോൾ ബാറ്റുകൊണ്ടും മറുപടി നൽകിയിരിക്കുകയാണ് സുന്ദർ.തകർപ്പനൊരു നോലുക്ക് സിക്‌സിന്റെ അകമ്പടിയോടെ 144 പന്തിൽ 7 ഫോറും സഹിതം 62 റൺസായിരുന്നു സുന്ദറിന്റെ സംഭാവന.

വളരെ ശ്രദ്ധയോടെ എന്നാൽ മനോഹരമായിത്തന്നെയാണ് ഷാർദുൽ ഠാക്കൂറും ബാറ്റ് ചെയ്തത്. ഇവിടെ തകർപ്പനൊരു നേട്ടവും ശർദുൽ തന്റെ പേരിൽ ചേർത്തു.ടെസ്റ്റ് കരിയറിലെ സ്‌കോർ ബോർഡ് ശർദുൽ സിക്സ് പറത്തി തുറക്കുകയായിരുന്നു. ഇങ്ങനെ സിക്സിലൂടെ കരിയറിലെ റൺ വേട്ട ആരംഭിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന നേട്ടമാണ് ശർദുൽ ഇവിടെ സ്വന്തമാക്കിയത്. റിഷഭ് പന്ത് ആണ് ശർദുളിന് മുൻപ് ഈ നേട്ടത്തിലേക്ക് എത്തിയ ഇന്ത്യ താരം. ശർദുൽ അർധ ശതകം പിന്നിട്ടതും സിക്സ് പറത്തിയാണ്.


ഗാബയിൽ ഏഴാം വിക്കറ്റിൽ ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടുകൾ

വാഷിങ്ടൺ സുന്ദർ - ഷാർദുൽ താക്കൂർ 123 (2021)

കപിൽ ദേവ് - മനോജ് പ്രഭാകർ 58 (1991)

എം.എസ് ധോനി - ആർ അശ്വിൻ 57 (2014)

മനോജ് പ്രഭാകർ - രവി ശാസ്ത്രി 49(1991)

എം.എൽ ജയ്‌സിംഹ - ബാപു നട്കർണി 44 (1968)