കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന്റെ ചോദ്യം ചെയ്യൽ ഇന്ന്. കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ വീട്ടിൽ വെച്ചു ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീട്ടിലെത്തി നടയുടെ മൊഴിയെടുക്കും. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടിസ് നൽകിയിരുന്നത്. എന്നാൽ, ചെന്നൈയിലുള്ള താൻ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണ സംഘത്തോട് അപേക്ഷിച്ചിരുന്നു.

ഇതനുസരിച്ചാണ് ആലുവയിലുള്ള ദിലീപിന്റെ വീടായ പത്മ സരോവരത്തിൽ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. അതേസമയം ചോദ്യം ചെയ്യലിൽ നിയമോപദേശം തേടിയില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതിനിടെ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരേയും നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. ആലുവ പൊലീസ് ക്ലബ്ബിൽ വച്ചാകും ചോദ്യം ചെയ്യൽ. ഇരുവരും നോട്ടീസ് നേരിട്ട് കൈ പറ്റിയിരുന്നില്ല. പലതവണ അന്വേഷണ ഉദ്യോഗസ്ഥൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരേയും ലഭിച്ചില്ല. ഇന്ന് വൈകിട്ടോടെ ഇരുവരുടെയും വീട്ടിൽ പൊലീസെത്തി നോട്ടീസ് പതിച്ചു.

നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് മേധാവിയോട് കോടതി റിപ്പോർട്ട് തേടി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന പരാതിയിലാണ് കോടതി നടപടി. മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിൽ കോടതി ഉത്തരവുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ വിവരങ്ങൽ മാധ്യമങ്ങൾക്ക് നൽകരുതെന്ന് പരയാൻ സുരാജിന് നിയമപരമായി കഴിയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നടിയെ ആക്രമിച്ച കേസിൽ സുരാജ് പ്രതിയല്ല. വധ ഗൂഢാലോചന കേസിലാണ് സുരാജ് പ്രതിയായുള്ളതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കേസിന്റെ വിചാരണ അടച്ചിട്ട മുറിയിലാണ് നടക്കുന്നത്. ഈ വിചാരണയുടെ വാർത്തകൾ മാധ്യമങ്ങൾ നൽകാറില്ല. കോടതിയിൽ ഫയൽ ചെയ്യുന്ന രേഖകൾ പൊതുയിടത്തിൽ ലഭ്യമാണ്. പ്രതികൾ നൽകുന്ന ഹർജികളിലെ വിവരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിചാരണക്കോടതിയേക്കുറിച്ച് പ്രോസിക്യൂഷനും പരാതിയുണ്ട്. ഇത് ഹൈക്കോടതിയിൽ തന്നെ വ്യക്തമാക്കിയതാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

അേേതസമയം കാവ്യയെ ചോദ്യം ചെയ്യാനാണ് വിശദമായ ചോദ്യാവലിയും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യുന്നത് ശബ്ദരേഖകൾ കേൾപ്പിച്ചാകും. ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത കാവ്യയുടെ ശബ്ദരേഖകൾ കേൾപ്പിച്ചാണ് ചോദ്യം ചെയ്യൽ. ഇതിന് വിശദ ചോദ്യാവലി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയ 27 ക്ലിപ്പുകളിൽ കാവ്യയുടെ ശബ്ദമുള്ളവ ഒന്നിലധികമുണ്ട്. ഇത് കാവ്യയെ കേൾപ്പിച്ച് ഇത്തരത്തിൽ പറയാനുള്ള കാരണം വിശദീകരിക്കാൻ ആവശ്യപ്പെടും. 27 ക്ലിപ്പുകളിൽ ഒമ്പതെണ്ണം ഇതുവരെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മറ്റുള്ളവയിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന.

ദിലീപിന്റെ സുഹൃത്തും കേസിൽ 'വിഐപി' എന്ന് പൊലീസ് പറയുന്നയാളുമായ ശരത് ആലുവ പത്മസരോവരം വീട്ടിലേക്ക് കയറിവരുമ്പോൾ 'എന്തായി ഇക്ക' എന്ന് കാവ്യ മാധവൻ ചോദിക്കുന്ന ഓഡിയോ ക്ലിപ് നിർണായകമാകും. കേസ് അന്വേഷിച്ച ബൈജു പൗലോസിനെ അപായപ്പെടുത്താൻ ഏൽപ്പിച്ചത് എന്തായി എന്നാണ് കാവ്യ ചോദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കൂടാതെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തി ടാബിലാക്കിയാണ് ശരത് എത്തിയത്. അക്കാര്യം എന്തായെന്നുമാണ് കാവ്യ ചോദിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ദിലീപ് വ്യക്തമായി 'ബൈജു പൗലോസ് എന്തായി' എന്ന് നേരിട്ട് ചോദിക്കുന്നുമുണ്ട്. ദിലീപിനും കാവ്യക്കും തുല്യപങ്കാളിത്തമുള്ളതായി ക്രൈംബ്രാഞ്ച് സംശയിക്കാൻ ഇതാണ് കാരണം.

കാവ്യക്ക് കേസിൽ പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന നിർണായക ശബ്ദരേഖയും പുറത്തുവന്നിരുന്നു. ശരത്തും ദിലീപിന്റെ സഹോദരീ ഭർത്താവ് ടി എൻ സുരാജുമായുള്ള സംസാരത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. കാവ്യയുടെ പങ്കിനെപ്പറ്റിയാണ് സുരാജ് ശരത്തിനോട് സംസാരിക്കുന്നത്. കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ ശ്രമിച്ചിരുന്നെന്ന് സുരാജ് ശരത്തിനോട് പറയുന്നു. കൂട്ടുകാർക്ക് തിരിച്ച് പണികൊടുക്കാൻ കാവ്യ ശ്രമിച്ചുവെന്നും ശബ്ദരേഖയിലുണ്ട്. ഡി സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീടുമുണ്ടായിട്ടും മെമ്മറി കാർഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിച്ചത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകുമെന്നും ശബ്ദസന്ദേശത്തിലുണ്ട്.