പട്ന: ബിഹാറിലെ വ്യാജമദ്യദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന് മറുപടിയുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യനിരോധനത്തിന് ശേഷം ബിഹാറിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു. എവിടെ കുറ്റകൃത്യം നടന്നാലും അധികൃതർ കൃത്യമായി ഇടപെട്ട് നീതി ഉറപ്പാക്കുന്നുണ്ടെന്നും നിതീഷ് കുമാർ വ്യക്തമാക്കി.

സമീപ ദിവസങ്ങളിൽ നടന്ന ഹൈ പ്രൊഫൈൽ കൊലപാതകങ്ങളിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് തേജസ്വി യാദവ് ആരോപിച്ചത്. മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ യുവാവിന്റെ കൊലപാതകം, കൗൺസിലറുടെ ഭർത്താവിന്റെ കൊലപാതകം എന്നിവ ചൂണ്ടിക്കാട്ടിയാണ് തേജസ്വി സർക്കാറിനെ വിമർശിച്ചത്.

''സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ വർധിക്കുന്നില്ല. എവിടെയെങ്കിലും കുറ്റകൃത്യം നടന്നാൽ പൊലീസും അധികാരികളും കൃത്യമായി ഇടപെടുന്നുണ്ട്. ഒരു സ്ഥലത്ത് നക്സലുകളുടെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവമാണ്. പൊതുവെ മദ്യനിരോധനത്തിന് ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞു''- നിതീഷ് കുമാർ എഎൻഐയോട് പറഞ്ഞു.

ബിഹാറിലുണ്ടായ വ്യാജമദ്യദുരന്തത്തിലും തേജസ്വി യാദവ് സർക്കാറിനെതിരെ രംഗത്തെത്തിയിരുന്നു. വെസ്റ്റ് ചമ്പാരനിലെ വിഷമദ്യ ദുരന്തത്തിൽ 40ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഭരണകക്ഷിയുടെയും സർക്കാറിന്റെയും ഒത്താശയോടെ സംസ്ഥാനത്ത് വ്യാജമദ്യലോബി പ്രവർത്തിക്കുന്നുണ്ടെന്നും തേജസ്വി ആരോപിച്ചിരുന്നു.

നിഷ്പക്ഷമായ അന്വേഷണം നടന്നാൽ ഭരണകക്ഷി എംഎൽഎമാരെല്ലാം ജയിലിൽ പോകേണ്ടി വരുമെന്നും തേജസ്വി പറഞ്ഞു. മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മദ്യനിരോധന നിയമത്തിൽ പുനരാലോചന നടത്തണമെന്ന് ആവശ്യമുയർന്നിരുന്നു.