മുംബൈ: ക്രിപ്‌റ്റോ കറൻസിക്ക് റിസർവ്വ് ബാങ്കും അനുകൂല മനസ്സിലേക്ക്. രാജ്യത്തു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അവതരിപ്പിക്കേണ്ടതുണ്ടോയെന്നു പരിശോധിക്കുകയാണെന്നും ആവശ്യമെങ്കിൽ അതിനുള്ള വഴികൾ തേടുമെന്നും ആർബിഐ അറിയിച്ചു. സ്വകാര്യ ഡിജിറ്റൽ കറൻസികൾ, വെർച്വൽ കറൻസികൾ, ക്രിപ്റ്റോകറൻസികൾ എന്നിവ ജനപ്രീതി നേടുന്ന സാഹചര്യത്തിലാണ് ഇത്. നേരത്തെ ഡിജിറ്റൽ കറൻസിക്ക് ആർ ബി ഐ എതിരായിരുന്നു.

ഇന്ത്യയിൽ സർക്കാരുകളുൾപ്പെടെ ഏവരും ഇത്തരം കറൻസികളെ സംശയത്തോടെയാണു കാണുന്നത്. അവയുമായി ബന്ധപ്പെട്ട് അപകട സാധ്യതകളുണ്ടെന്ന ആശങ്കയുമുണ്ട്. എങ്കിലും കറൻസിയുടെ ഡിജിറ്റൽ പതിപ്പ് ആവശ്യമുണ്ടോയെന്നു പരിശോധിക്കുമെന്നു റിസർവ് ബാങ്ക് പറയുന്നു. ഔദ്യോഗിക കറൻസിയുടെ നിയമപ്രകാരമുള്ള ഡിജിറ്റൽ രൂപമാണു സിബിഡിസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്മേൽ അധികാരം കേന്ദ്ര ബാങ്കിനാണ്. ബാലൻസ് ഷീറ്റിലും ഇതു രേഖപ്പെടുത്തും.

ഇലക്ട്രോണിക് കറൻസിയുടെ രൂപത്തിലുള്ള സിബിഡിസി തുല്യമൂല്യമുള്ള പണത്തിനും പരമ്പരാഗത സെൻട്രൽ ബാങ്ക് നിക്ഷേപങ്ങൾക്കുമായി മാറ്റാനോ കൈമാറ്റം ചെയ്യാനോ സാധിക്കും. പണമിടപാടുകളിൽ (പേയ്‌മെന്റ്) പുതുമകൾ അതിവേഗത്തിലാണ്. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ സാങ്കേതികവിദ്യയെ കൂടുതലായി ഉപയോഗിക്കാനും പണം ഡിജിറ്റൽ രൂപത്തിൽ നൽകാനും കഴിയുമോയെന്ന് പരിശോധിക്കുന്നുണ്ട് ആർബിഐ അഭിപ്രായപ്പെട്ടു.

സ്വകാര്യ ക്രിപ്‌റ്റോകറൻസികൾക്കെതിരായ നിലപാടാണു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റേത്. രാജ്യത്ത് കറൻസി വിതരണം ചെയ്യുന്ന ഒരേയൊരു പരമാധികാരി കേന്ദ്ര ബാങ്ക് ആകണമെന്ന് അദ്ദേഹം പറയുന്നു. റിസർവ് ബാങ്കിനെപ്പോലെ ക്രിപ്‌റ്റോകറൻസികളെക്കുറിച്ച് കേന്ദ്ര സർക്കാരിനും സംശയങ്ങളുണ്ട്. സ്വകാര്യമായി കൈവശം വച്ചിരിക്കുന്ന ഡിജിറ്റൽ കറൻസികൾ പൂർണമായും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ പാർലമെന്റിലുണ്ട്.