തിരുവനന്തപുരം: ഭൂമിക്ക് കീഴിലുള്ള എല്ലാം തനിക്കറിയാം എന്ന ഭാവത്തിൽ നടക്കുന്ന വ്യക്തിയാണ് തലശ്ശേരി എംഎൽഎ എ എൻ ഷംസീർ. നിയമസഭയൽ ഷംസീർ പറഞ്ഞ മണ്ടത്തരങ്ങളും ഇടക്കിടെ വാർത്തയാകാറുണ്ട്. ഇന്നലെ നിയമസഭയിൽ തലശ്ശേരി എംഎൽഎ പറഞ്ഞ മണ്ടത്തരം ഡോക്ടർമാരുടെ രൂക്ഷ വിമർശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. എംബിബിഎസ് ബിരുദമുള്ള ഡോക്ടർമാർ ചെറിയ കുട്ടികളെ നോക്കാൻ പാടില്ല, ജനറൽ മെഡിസിൻ കേസുകളിൽ ചികിത്സ നൽകാൻ പാടില്ല, പ്രസവ കേസുകൾ അറ്റൻഡ് ചെയ്യാൻ പാടില്ല എന്നാണ് ഇന്നലെ സഭയിൽ ഷംസീർ പറഞ്ഞു വിട്ടത്. അതൊന്നും എംബിബിഎസ് ഉള്ള ഡോക്ടർമാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണെന്നാണ് എഎൽഎയുടെ പക്ഷം. ഇത്തരത്തിൽ ചികിത്സ നടത്തുന്ന ഡോക്ടർമാർ കള്ളനാണയങ്ങളാണെന്നും എംഎൽഎ സഭയിൽവാദിച്ചു.

ഇതോടെ സൈബർ ഇടത്തിൽ ഷംസീറിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഷംസീർ പറയുന്നത് ശരിയാണെങ്കിൽ കേരള സർക്കാർ ആരോഗ്യവകുപ്പിന്റെ കീഴിൽ ജോലി ചെയ്യുന്നവരിൽ അമ്പത് ശതമാനത്തിലേറെപ്പേർ കള്ളനാണയങ്ങളാകുമല്ലോ എന്നാണ് സോഷ്യൽ മീഡിയയിലൂടെ ഡോക്ടർമാരുടെ ചോദ്യം. ഇതെല്ലം ഷംസീറിന്റെ വികലമായ ചിന്തയാണെന്ന വിമർശനമാണ് ഉയരുന്നത്. ഷംസീറിന്റെ തിയറി അനുസരിച്ച്, ഓർത്തോപീഡിക്‌സ്, അനസ്‌തേഷ്യ, ഇഎൻടി, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ് ഒക്കെ പോസ്റ്റ് ഗ്രാജ്വെഷൻ കഴിഞ്ഞവർ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരായി ആരോഗ്യവകുപ്പിന്റെ ആശുപത്രികളിൽ ഇരുന്ന് പനിയും ചുമയുമൊക്കെ നോക്കുന്നുണ്ടല്ലോ. ഷംസീറിന്റെ ഡെഫനിഷൻ വെച്ച് അവരും കള്ളനാണയങ്ങൾ ആണല്ലോ എന്നാണ് കുഞ്ഞാലിക്കുട്ടി എന്ന ഡോക്ടർ ഫേസ്‌ബുക്കിൽ കുറിച്ചത്.

ഇത് അടിയന്തരമായി ആരോഗ്യവകുപ്പ്മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ട് വന്നു ഇത്തരം കള്ളനാണയങ്ങളെ സർവ്വീസിൽ നിന്ന് പിരിച്ചു വിടണം. സർക്കാർ തന്നെ വ്യാജപ്രാക്ടീസിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ലല്ലോയെന്നും കുഞ്ഞാലിക്കുട്ടി ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം ചികിത്സാ പിഴവു കാട്ടിയ ഡോക്ടർമാരെ ഐഎംഎ സംരക്ഷിക്കരുത് എന്ന വാദവും ഷംസീർ നിയമസഭയിൽ ഉയർത്തുകയുണ്ടായി. ഇതിനും പലരും സൈബർ ഇടത്തിൽ മറുപടി നൽകി.

ക്വട്ടേഷൻ ടീമുകൾക്ക് വേണ്ടി പാർട്ടി/സർക്കാർ ചെലവിൽ മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന വക്കീലന്മാരെ ഇറക്കുന്നത് ആ കേസിൽ ഇരകളായിട്ടുള്ളവരെ ബുദ്ധിമുട്ടിക്കുന്നതല്ലേ? എന്ന ചോദ്യമാണ് ഷംസീറിനെതിരെ സൈബർ ലോകത്ത് പലരും ഉയർത്തിയത്.

ഷംസീറിനെ വിമർശിച്ച് വിനീത എം വി ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ഇങ്ങനെ:

ഞാൻ നമ്മുടെ സഖാവ് ഷംസീറിന്റെ നിയമസഭയിലെ ഒരു പ്രസംഗം കേൾക്കുകയായിരുന്നു. പൊരിഞ്ഞ ഉപദേശമാണ് ഡോക്ടർമാരോട്. ചികിത്സക്കിടെ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചാൽ അവരെ സംരക്ഷിക്കുന്ന രീതി പാടില്ലെന്ന് അവരുടെ സംഘടനയോട്. കേസ് നടത്തിക്കോളാം എന്ന ലെവൽ കാഴ്ചപ്പാട് പാടില്ലെന്ന്. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം. പിഴവ് പറ്റിയാൽ അവരെ ന്യായീകരിക്കുന്ന രീതിയും സംഘടനകൾ സ്വീകരിക്കാൻ പാടില്ല... കേസ് നടത്തലിന്റെ സാമ്പത്തിക വൈരുധ്യങ്ങളെക്കുറിച്ചുമുണ്ട് ക്ലാസ്. വൻകിട ഉപദേശമാണ്.

കൂടുതൽ കേൾക്കാനുള്ള ധൈര്യവും സഹനശക്തിയും എനിക്കില്ലായിരുന്നു. ഞാൻ വെറുതെ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളും ഷംസീറും തമ്മിൽ എന്തായിരുന്നോ എന്തോ എന്നൊക്കെ ആലോചിച്ചിരുന്നു പോയി. കൊലക്കേസ് പ്രതിക്ക് മാനസാന്തരം വന്നെന്നു കരുതി കല്യാണത്തിൽ പങ്കെടുത്ത ടീം ആണ്. സിപിഎമ്മുകാരായ കൊലക്കേസ് പ്രതികൾ ജയിലിൽ നിന്നും ഇറങ്ങിയാൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു ജയിലിൽ പോയവർ മോചിതരാകുന്ന ഫീൽ ആണ്. എതിർപാർട്ടിയിൽ പെട്ടവരെ കൊന്നൊടുക്കിയ പ്രതികൾക്ക് വേണ്ടി വാദിക്കാൻ ജനത്തിന്റെ നികുതിപ്പണമെടുത്തു വക്കീലിനെ വെക്കുന്നതൊക്കെ എതിന്റെ പരിധിയിൽ വരുമോ എന്തോ എന്നാലും ഉപദേശം ഒന്നൊന്നരയാണ്. അവനവനെക്കൊണ്ട് പറ്റാത്ത കാര്യങ്ങൾ മറ്റുള്ളവരെ ബോധവൽക്കരിക്കുക എന്നതിൽ കവിഞ്ഞൊരു അറുബോറൻ പരിപാടിയില്ല.