തിരുവനന്തപുരം: പുതുമുഖങ്ങൾക്ക് അവസരം നൽകുവാൻ സിപിഐ കൊണ്ടുവന്ന മൂന്ന് ടേം ഫോർമുല അവർക്ക് തന്നെ വിനയാകുമോ? തെരഞ്ഞെടുപ്പു ഫലം വരും മുമ്പ് പുറത്തുവരുന്ന പൊട്ടിത്തെറികൾ സിപിഐ വൻ തോൽവി ഭയക്കുന്നു എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. ചേർത്തലയിൽ പി തിലോത്തമനെ മാറ്റിയതിനെ അമർഷം പൊട്ടിത്തറിയിൽ എത്തിക്കഴിഞ്ഞു. ഇതിന്റെ പേരിൽ പാർട്ടിക്കുള്ളിൽ നടപടികൾ നടക്കുകയാണ്. പി പ്രസാദ് ചേർത്തലയിൽ വിജയിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു. ഇതിനിടെയാണ് നെടുമങ്ങാട്ടും സമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇവിടെയും സിപിഐ സ്ഥാനാർത്ഥി തോൽവി മുന്നിൽ കണ്ടിരിക്കുന്നു എന്ന വിമർശനങ്ങൾ ശക്തമാണ്.

സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തിൽ മുൻ മന്ത്രിയും നെടുമങ്ങാട് സിറ്റിങ് എംഎൽഎയുമായ സി ദിവാകരനെതിരെ രൂക്ഷ വിമർശനം നേരിട്ടു. ഇത് വാക്കു തർക്കത്തിലേക്കും കാര്യങ്ങളെ എത്തിച്ചു. നെടുമങ്ങാട്ടെ സിപിഐ സ്ഥാനാർത്ഥി ജി.ആർ.അനിലാണ് ദിവാകരന്റെ പ്രവർത്തനങ്ങൾക്കെതിരെ യോഗത്തിൽ പൊട്ടിത്തെറിച്ചത്. അസി. സെക്രട്ടറി പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം.

തന്റെ വിജയത്തിനായി സി ദിവാകരൻ ഒന്നും ചെയ്തില്ലെന്നു ജി.ആർ. അനിൽ പറഞ്ഞു. സി ദിവാകരൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തങ്ങൾ ഒന്നും നിറവേറ്റിയില്ലെന്നും ജി.ആർ.അനിൽ തുറന്നടിച്ചത് വാക്കേറ്റത്തിനിടയാക്കി. ജില്ലാ നേതൃത്വം പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ടെന്നു സി ദിവാകരൻ പറഞ്ഞു. തന്നെ ചോദ്യം ചെയ്യാൻ അനിൽ വളർന്നിട്ടില്ലെന്നു ദിവാകരൻ പറഞ്ഞത് വാക്കു തർക്കത്തിനിടയാക്കി.

സി ദിവാകരന്റെ പ്രവർത്തനങ്ങൾക്കെതിരെ നിരവധി പരാതികൾ എൽഡിഎഫ് പ്രവർത്തകർക്കുണ്ടായിരുന്നു. എംഎൽഎ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചില്ലെന്നും മണ്ഡലത്തിൽ സജീവമല്ലായിരുന്നെന്നും ആക്ഷേപമുയർന്നു. നിരവധി പരാതികൾ പ്രചാരണ സമയത്ത് സ്ഥാനാർത്ഥിക്കും കേൾക്കേണ്ടിവന്നു.എൽഡിഎഫിനു ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഒപ്പത്തിനൊപ്പമെത്തിയത് സിറ്റിങ് എംഎൽഎയുടെ വീഴ്ച കാരണമാണെന്നും പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടി പ്രതീക്ഷിച്ച നിലയിലാണ് സിപിഐ. കഴിഞ്ഞ തവണയുണ്ടായ നേട്ടം ഇക്കുറി ഉണ്ടാകാനിടയില്ല എന്ന തിരിച്ചറിവിലാണ് നേതൃത്വം. ഫലം വരുമ്പോൾ തിരിച്ചടിയുണ്ടായാൽ അതു പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമർശനവും കടുക്കുമെന്നത് ഉറപ്പാണ്.

പാർട്ടി വിപ്ലവകരമെന്ന് കരുതി നടപ്പിലാക്കിയ തീരുമാനങ്ങൾ ഒരു വിഭാഗത്തെ അരിഞ്ഞു വീഴ്‌ത്താനാണ് എന്ന ആക്ഷേപമുണ്ടായിരുന്നു. മൂന്നു ടേം ജയിച്ചവരെ ഒഴിവാക്കിയതോടെ പല സീറ്റിലും പരാജയഭീതി വന്നു. ചേർത്തലയ്ക്കും നെടുമങ്ങാടിനും പുറമേ തൃശ്ശൂർ, ചടയമംഗലം, പീരുമേട് തുടങ്ങി പാർട്ടി സ്ഥിരം ജയിച്ചിരുന്ന മണ്ഡലങ്ങളിൽ ഇത്തവണ തിരിച്ചടിയെന്ന സൂചനകളും പുറത്തുവന്നു. സിറ്റിങ് സീറ്റുകൾ ആയ മൂവാറ്റുപുഴയും, ചേർത്തലയും, പട്ടാമ്പിയും ഉൾപ്പെടെ മറ്റു സീറ്റുകളിലും കടുത്ത മത്സരമാണ് പാർട്ടി നേരിടുന്നത്.

പാർട്ടി നിലപാട് കൃത്യമായി പ്രതിഫലിപ്പിക്കാതെ പിണറായിക്കു മുന്നിൽ വിനീത വിധേയനായി കാനം മാറുന്നു എന്നാണ് വിമർശനം. തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടാൽ ഈ രഹസ്യ വിമർശനം പരസ്യമായേക്കും. എംഎൽഎമാരുടെ എണ്ണം കുറഞ്ഞാൽ പാർട്ടിയുടെ വളർച്ചയെയും അതു കാര്യമായി ബാധിച്ചേക്കാം.