തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ജി.സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകൾ സംസ്ഥാനതലകമ്മീഷൻ അന്വേഷിക്കും. അന്തിമതീരുമാനം ശനിയാഴ്ച സംസ്ഥാന സമിതിയിലുണ്ടാകും.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിന് എകെജി സെന്ററിൽ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയുണ്ടായെന്ന വിമർശനം റിപ്പോർട്ടിലുണ്ട്. എന്നാൽ ഇക്കാര്യമടക്കം ചർച്ചയാകുന്ന സംസ്ഥാനസമിതി യോഗത്തിൽനിന്നും ജി.സുധാകരൻ വിട്ടുനിന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിനു ചേർന്ന ജില്ല കമ്മിറ്റിയിലും സുധാകരൻ പങ്കെടുത്തിരുന്നില്ല.

പാലാ, കല്പറ്റ തോൽവികളിലും അന്വേഷണത്തിന് സാധ്യതയുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചെന്ന വാദത്തെ ഈ ജില്ലകളിൽനിന്നുള്ള നിന്നുള്ള അംഗങ്ങൾ യോഗത്തിൽ എതിർക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റ് പ്രവർത്തനങ്ങളിലും യാതൊരു വിധത്തിലുമുള്ള അപാകതയുണ്ടായിട്ടില്ലെന്നാണ് ഈ അംഗങ്ങൾ പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ജി സുധാകരനെതിരെ രൂക്ഷ വിമർശനമായിരുന്നു മുൻപ് ഉയർന്നത്. അമ്പലപ്പുഴയിൽ എംഎൽഎയായിരുന്ന സുധാകരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചില്ലെന്നും സ്ഥാനാർത്ഥിയായിരുന്ന എച്ച് സലാമിനെ സഹായിച്ചില്ലെന്നായിരുന്നു ആരിഫ് എംപിയുടെ വിമർശനം.

ആലപ്പുഴയിൽ തോമസ് ഐസക് മുഴുവൻ സമയം പ്രവർത്തിച്ചതു പോലെ അമ്പലപ്പുഴയിൽ സുധാകരൻ പ്രവർത്തിച്ചില്ലെന്നും സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള എതിർപ്പ് മറ്റു രീതികളിലൂടെ പ്രകടിപ്പിച്ചെന്നും എച്ച് സലാം ആരോപിച്ചിരുന്നു. തന്നെ എസ്ഡിപിഐക്കാരനായി ചിത്രീകരിക്കാൻ ശ്രമം നടന്നിട്ടും തടയാൻ ശ്രമിച്ചില്ലെന്നും സലാം യോഗത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ സഹകരിച്ചില്ല. മുസ്ലിം സ്ഥാനാർത്ഥിയായി ചിത്രീകരിച്ചിട്ടും അതിനെ എതിർത്തില്ല. കുടുംബയോഗങ്ങളിൽ ശരീരഭാഷയിലൂടെ പാർട്ടി സ്ഥാനാർത്ഥിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചെന്നും സലാം യോഗത്തിൽ വിമർശിച്ചിരുന്നു.