ന്യൂഡൽഹി: സി.ആർ.പി.എഫിന്റെ പ്രത്യേക സേനാവിഭാഗമായ കോബ്രയിൽ വനിതാ കമാൻഡോകൾ മാത്രം ഉൾപ്പെട്ട വിഭാഗം നിലവിൽവന്നു.ലോകത്തെ ആദ്യ സമ്പൂർണ വനിതാ കമാൻഡോ സംഘമാണിതെന്നും സിആർപിഎഫ്. അവകാശപ്പെട്ടു.മാവോവാദികളെ നേരിടാനുള്ള പ്രത്യേക സംഘമാണ് കോബ്ര.സേനയുടെ ആറു മഹിളാ ബറ്റാലിയനുകളിൽനിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്ഥരാണ് സൈന്യത്തിലുള്ളതെന്ന് സിആർപിഎഫ്. അറിയിച്ചു.

ഹരിയാണയിലെ കാദർപുർ സിആർപിഎഫ്. ക്യാമ്പിൽനടന്ന ചടങ്ങിലാണ് വനിതാവിഭാഗത്തെ കോബ്രയുടെ ഭാഗമാക്കിയത്. സിആർപിഎഫ്. ഡയറക്ടർ ജനറൽ എ.പി. മഹേശ്വരി പങ്കെടുത്തു. വനമേഖലകളിൽ സൈനികനീക്കം നടത്താൻ മൂന്നുമാസത്തെ പ്രത്യേക പരിശീലനം നൽകിയശേഷം ഇവരെ മാവോവാദി മേഖലകളിൽ നിയമിക്കും. കോബ്രയിലെ പുരുഷ കമാൻഡോകൾക്ക് നൽകുന്ന അതേ പരിശീലനമാണ് ഇവർക്കും നൽകുന്നത്.

വനാന്തർഭാഗത്തെ കമാൻഡോ ഓപ്പറേഷനുകളിൽ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട്ട് ആക്ഷൻ (കോബ്ര) 2009-ലാണ് സിആർപിഎഫ്. രൂപവത്കരിച്ചത്. ഇപ്പോൾ 10 ബറ്റാലിയനുകളിലായി 12,000 കമാൻഡോകളാണുള്ളത്. ഛത്തീസ്‌ഗഢിലെ മാവോവാദി മേഖലകളിലാണ് ഇവരിൽ ഭൂരിഭാഗത്തെയും നിയോഗിച്ചിരിക്കുന്നത്. കുറച്ചുപേർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഭ്യന്തര പ്രക്ഷോഭകരെ നേരിടാനും പ്രവർത്തിക്കുന്നു.