ലക്നൗ: ഉത്തർപ്രദേശിൽ പ്രണയബന്ധത്തിന്റെ പേരിൽ ദലിത് യുവാവിനെ യുവതിയുടെ വീട്ടുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ പട്ടികജാതി ക്ഷേമ കമ്മീഷൻ. സംഭവത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കമ്മീഷൻ നോട്ടീസ് അയച്ചു.

കാൻപൂർ ദേഹത്ത് ജില്ലയിലാണ് സംഭവം. യുവാവിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. മേൽജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ യുവതിയുടെ വീട്ടുകാരാണ് മർദ്ദിച്ചത്. യുവാവിന്റെ സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റിയതായും പരാതിയിൽ പറയുന്നു.

ജൂലൈ ഏഴിനാണ് സംഭവം നടന്നത്. ലജ്ജാകരമായ സംഭവമാണിതെന്ന് കമ്മീഷൻ ചെയർമാൻ വിജയ് സാംബ്ല പറയുന്നു.