കൊളംബൊ: ഇന്ന് നടക്കേണ്ട ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റുവച്ചു. ഇന്ത്യൻ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മത്സരം മാറ്റിയത്. ഈ മത്സരം നാളെ നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.എന്നാൽ മറ്റ് ടീം അംഗങ്ങളുടേയും സ്റ്റാഫിന്റേയും കോവിഡ് ഫലം നെഗറ്റീവ് ആയാൽ മാത്രമെ നാളെ ടി20 മത്സരം കളിക്കൂ.

ആദ്യ മത്സരത്തിൽ പാണ്ഡ്യ കളിച്ചിരുന്നതിനാൽ രണ്ട് ടീമിലും ഉൾപ്പെട്ട താരങ്ങളും കോച്ചിങ് സ്റ്റാഫും ഐസൊലേഷനിലാണ്.മത്സരത്തിനു മുന്നോടിയായി നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.രാത്രി എട്ടു മണിക്കാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.വ്യാഴാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം നടക്കേണ്ടത്. ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

അതേസമയം ബയോ സെക്യുർ ബബ്ൾ സംവിധാനത്തിനുള്ളിൽ കഴിയുന്ന ടീമിൽ എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായി പര്യടനത്തിനു തുടക്കം കുറിച്ച് നടന്ന ഏകദിന പരമ്പരയും ബയോ സെക്യുർ ബബ്‌ളിനുള്ളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വൈകിയാണ് ആരംഭിച്ചത്. അന്ന് ശ്രീലങ്കൻ ടീമിലെ ബാറ്റിങ് കോച്ചിനും വിഡിയോ അനലിസ്റ്റിനുമാണ് കോവിഡ് ബാധിച്ചത്.

നേരത്തെ, ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിലും കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനു ശേഷമുള്ള ഇടവേളയിലാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പന്തും താരവുമായി അടുത്തിടപഴകിയ വൃദ്ധിമാൻ സാഹ ഉൾപ്പെടെയുള്ള താരങ്ങളും ഐസലേഷനിലേക്കു മാറിയിരുന്നു. കോവിഡ് മുക്തനായതിനെ തുടർന്ന് കഴിഞ്ഞ ദിവസാണ് താരം തിരികെ ടീമിനൊപ്പം ചേർന്നു.

ക്രുനാലിന് കോവിഡ് സ്ഥീരീകരിച്ചതോടെ ഇംഗ്ലണ്ടിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാനിരുന്ന സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നിവരുടെ യാത്ര അനിശ്ചിതത്വത്തിലായി.