ന്യൂഡൽഹി: രാജ്യത്ത് അനിയന്ത്രിതമായ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾക്കെതിരെ നിയന്ത്രണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇത് സംബന്ധിച്ച ചർച്ച നടത്തി. അമിതവാഗ്ദാനങ്ങൾ നൽകിയും സുതാര്യമല്ലാത്തതുമായ ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെയും യുവജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾക്ക് അവസാനമുണ്ടാക്കണം. കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിനുള്ള സാമ്പത്തിക സ്രോതസായും ക്രിപ്‌റ്റോ കറൻസി ഉപയോഗിക്കുന്നതിനെതിരെ യോഗത്തിൽ ശക്തമായ അഭിപ്രായമുയർന്നു.

ആർ.ബി.ഐയും, ധനമന്ത്രാലയവും, ആഭ്യന്തരമന്ത്രലയവും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദരുമായും നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ക്രിപ്‌റ്റോ കറൻസിയും അനുബന്ധ പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. വികസിച്ച് കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക വിദ്യ എന്ന നിലയിൽ ക്രിപ്‌റ്റോ കറൻസിക്ക് മേൽ ശക്തമായ നിരീക്ഷണം നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി.

ക്രിപ്‌റ്റോ കറൻസിക്കെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പുരോഗമനപരമാണെന്നാണ് യോഗം വിലയിരുത്തിയത്. രാജ്യാതിർത്തികൾക്കും അപ്പുറം വ്യാപിക്കുന്ന ഒരു പ്രശ്‌നമായതിനാൽ വിദഗ്ദരും മറ്റ് ഓഹരി ഉടമകളുമായും സർക്കാർ നിരന്തരം ചർച്ചകൾ നടത്തും. അതിനായി അഗോള പങ്കാളിത്തവും കൂട്ടായി രൂപീകരിച്ച തന്ത്രങ്ങളും വേണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ക്രിപ്‌റ്റോ കറൻസിക്കെതിരെ ആർ.ബി.ഐയും രംഗത്ത് വന്നു. ക്രിപ്‌റ്റോ കറൻസിയിലെ നിക്ഷേപകരുടെ എണ്ണത്തിലും അവർ അവകാശപ്പെടുന്ന വിപണി മൂല്യത്തിലും ആർ.ബി.ഐ സംശയം രേഖപ്പെടുത്തി. ഒരു കേന്ദീകൃതബാങ്കിന്റേയും നിയന്ത്രണത്തിലല്ലാത്ത ക്രിപ്‌റ്റോ കറൻസി ഏത് സാമ്പത്തിക വ്യവസ്ഥക്കായാലും ഭീഷണിയാണെന്നാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞത്.