ന്യൂഡൽഹി: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പർ കിങ്സിന് 172 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്.

ഐപിഎൽ കരിയറിലെ 50ാം അർധസെഞ്ചുറിയും ട്വന്റി20 കരിയറിൽ 10,000 റൺസും പിന്നിട്ട ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെയും ടീമിലേക്കുള്ള മടങ്ങി വരവ് അർധ സെഞ്ചുറിയുമായി ആഘോഷമാക്കിയ മനീഷ് പാണ്ഡെയുടേയും ഇന്നിങ്‌സുകളാണ് നിർണായകമായത്.

55 പന്തുകൾ നേരിട്ട വാർണർ, മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 57 റൺസെടുത്തു. ഐപിഎൽ കരിയറിലെ തന്റെ 50 അർധസെഞ്ചുറികളിൽ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയാണ് ഇന്ന് നേടിയത്. 46 പന്തുകൾ നേരിട്ട പാണ്ഡെ, അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 61 റൺസെടുത്തു.

ഹൈദരാബാദ് ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കിയ ചെന്നൈ ബൗളർമാർ അവസാന മൂന്നു ഓവറിൽ കളി കൈവിട്ടു. അവസാന 18 പന്തിൽ 44 റൺസാണ് ഹൈദരാബാദ് അടിച്ചെടുത്തത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തിൽ തന്നെ ജോണി ബെയർസ്റ്റോയെ നഷ്ടപ്പെട്ടു. ഏഴ് റൺസായിരുന്നു ബെയർസ്റ്റോയുടെ സമ്പാദ്യം. പിന്നീട് ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും ഒത്തുചേർന്നു. ഇരുവരും 87 പന്തിൽ 106 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

സെഞ്ചുറി കൂട്ടുകെട്ടിനു തൊട്ടുപിന്നാലെ ലുങ്കി എൻഗിഡി എറിഞ്ഞ 18ാം ഓവറിൽ ഇരുവരും പുറത്തായെങ്കിലും, ഷാർദുൽ ഠാക്കൂറിന്റെ 19ാം ഓവറിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 20 റൺസടിച്ചുകൂട്ടിയ കെയ്ൻ വില്യംസൻ ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു.

വില്യംസൻ 10 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 26 റൺസുമായി പുറത്താകാതെ നിന്നു. കേദാർ ജാദവ് നാലു പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 12 റൺസുമായി വില്യംസനു തുണനിന്നു.

ഹൈദരാബാദിനായി ലുങ്കി എൻഗിഡി നാല് ഓവറിൽ 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. സാം കറൻ നാല് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.