പട്‌ന: ബീഹാറിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചതിനെത്തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. കല്ലേറിലും വെടിവെപ്പിലും തീവെപ്പിലും ഒൻപത് പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം.

അനിരുദ്ധ യാദവ് എന്ന നാൽപ്പതുകാരനാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ഹോളി ആഘോഷത്തിനിടെ ഡി.ജെ പാർട്ടിയിൽ അശ്ലീല പാട്ടുവച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം പൊലീസ് സ്റ്റേഷനിൽവച്ച് ശനിയാഴ്ച കടന്നൽ കുത്തേറ്റാണ് യുവാവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ചോദ്യംചെയ്യലിനിടെ മർദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നാണ് ജനക്കൂട്ടത്തിന്റെ ആരോപണം. ഇതിന് പിന്നലെയാണ് ആളുകൾ സംഘമായെത്തി അക്രമം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റ റാം ജതൻ റായ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമികൾ മൂന്ന് പൊലീസ് വാഹനങ്ങൾക്കും, രണ്ട് സ്വകാര്യ കാറുകൾക്കും, അഗ്‌നിശമന സേനയുടെ ഒരു വാഹനത്തിനും തീവെച്ചു. മർദ്ദനമേറ്റാണ് യുവാവ് കസ്റ്റഡിയിൽ മരിച്ചത് എന്ന ആരോപണം ചമ്പാരൻ പൊലീസ് സൂപ്രണ്ട് നിഷേധിച്ചു.