കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തി. കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായ അരുണിനോട് സെക്രട്ടേറിയേറ്റിന് സമീപം കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്. ഇക്കാര്യത്തിൽ വിശദമായ മൊഴി നൽകിയെന്ന് അരുൺ പറഞ്ഞു. ബുക്ക് ചെയ്യാനിടയായ സാഹചര്യം നേരത്തെ വിശദീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ നിർദേശ പ്രകാരം അരുൺ ബാലചന്ദ്രനാണ് സെക്രട്ടേറിയറ്റിന് സമീപം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി ഫ്‌ളാറ്റ് കണ്ടെത്തി നൽകിയത്. ഇവിടെയിരുന്നാണ് പ്രതികൾ കള്ളക്കടത്തിനുള്ള ഗൂഢാലോചന നടത്തിയതെന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നത്. ഇക്കാര്യം അരുൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു.