മലപ്പുറം : എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പിനെ ഞരമ്പ് രോഗിയെന്ന് വിളിച്ചും വെല്ലുവിളിച്ചും രംഗത്തുവന്ന മുൻ എം.എസ്.എഫ് ഹരിത വനിതാ നേതാവിനെതിരെ സൈബർ ആക്രമണം. ആറുമാസമായി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി തന്നെ അപമാനിക്കുന്നുവെന്നാണ് ആഷിഖയുടെ പരാതി. സർ സയ്യിദ് കോളേജ് തളിപ്പറമ്പിലെ എംഎസ്എഫ് മുൻ വൈസ് പ്രസിഡന്റും മലപ്പുറം വളാഞ്ചേരി സ്വദേശിനിയുമായ ആഷിഖ ഖാനത്തിനു നേരെയാണ് സൈബർ ആക്രമണം. സംഭവത്തിൽ മലപ്പുറം സൈബർ പൊലീസിൽ ആഷിഖ ഖാനം പരാതി നൽകി.

ആറുമാസമായി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി തന്നെ അപമാനിക്കുന്നുവെന്നാണ് ആഷിഖയുടെ പരാതി.പെൺകുട്ടികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി തനിക്കെതിരെ മോശമായ രീതിയിലുള്ള പ്രസ്താവനകളാണ് നടത്തുന്നതെന്ന് ആഷിഖ പറയുന്നു. ഒരു പെൺകുട്ടിക്ക് നേരെയുണ്ടാകുന്ന ഇത്തരത്തിലുള്ള അതിക്രമങ്ങൾ തിരുത്തിയേ പറ്റൂവെന്ന് ആഷിഖ ആവശ്യപ്പെട്ടു.

ഹരിതാ വിഷയത്തിൽ നിലവിലെ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയോട് പ്രതിഷേധം അറിയിച്ച് സർ സയ്യിദ് കോളേജിലെ എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനം ആഷിഖ രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണം തുടങ്ങിയത്. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി അനീസ് ആണ് സംഭവത്തിനു പിന്നിലെന്നാണ് ആഷിഖയുടെ പരാതിയിൽ മലപ്പുറം സൈബർ സെൽ വിഭാഗം കണ്ടെത്തിയത് അനീസും താനും തമ്മിൽ യാതൊരു മുൻപരിചയം പോലുമില്ലെന്ന് ആഷിഖ പറഞ്ഞു. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തനിക്കു നേരെ സൈബർ ആക്രമണം നടത്തിയതെന്ന് അറിയില്ല.

സൈബർ കുറ്റം ചെയ്ത അനീസിനൊപ്പം പൊലീസ് സ്റ്റേഷനിൽ എംഎസ്എഫ് നേതാക്കൾ എത്തിയിരുന്നു. ഇതിൽ ദുരൂഹത ഉണ്ടെന്നും അത് അന്വേഷിക്കണമെന്നും സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. ഒരു വ്യക്തി ചെയ്ത കാര്യത്തിൽ ഒരിക്കലും പാർട്ടിയെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും പാർട്ടിക്കോ പാർട്ടിയുമായി ബന്ധപ്പെട്ട ആളുകൾക്കോ യാതൊരു പങ്കുമില്ലെന്നാണ് താൻ കരുതുന്നതെന്നും ആഷിഖ കൂട്ടിച്ചേർത്തു.

എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പിനെ ഞരമ്പ് രോഗിയെന്ന് വിളിച്ചും വെല്ലുവിളിച്ചും തളിപ്പറമ്പ് സർ സയിദ് കോളജിലെ എം.എസ്.എഫ് യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായ ആഷിഖ ഖാനം മാസങ്ങൾക്ക് മുമ്പാണ് ഫേസ്‌ബുക്ക്പേജിലുടെ വെല്ലുവിളിയുമായി രംഗത്തുവന്നിരുന്നത്. മിസ്റ്റർ കബീർ മുതുപറമ്പ, നിങ്ങൾ നിങ്ങടെ ഉള്ളിലുള്ള സ്വഭാവം വെച്ചിട്ട് എന്നെ അളക്കാൻ വരരുത് എന്നാണ് ആഷിഖ പ്രതികരിച്ചത്. ഹരിത അംഗങ്ങളെ എം എസ് എഫ് യോഗത്തിൽ അതിക്ഷേപിക്കുന്ന ശബ്ദരേഖ പങ്കുവച്ചാണ് ആഷിഖ ഖാനം കബീർ മുതുപറമ്പിനെതിരെ രംഗത്തെത്തിയിരുന്നത്.

രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങൾ തനിക്ക് വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ഇവർ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നുമായിരുന്നു ശബ്ദരേഖയിൽ കബീർ മുതുപറമ്പ് പറഞ്ഞത്. ഇതിനെതിരെയാണ് ആഷിഖ ഖാനം ആഞ്ഞടിച്ചത്.
പെട്ടിതാങ്ങിയും കുടപിടിയനുമായ നിങ്ങളെ സംരക്ഷിക്കാൻ മുകളിൽ കുറെയെണ്ണം ഉണ്ടെന്ന് കരുതി അതും വെച്ച് എന്റെ നേർക്ക് വരേണ്ട! സംഘടനയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ആത്മാർത്ഥതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കിൽ ഇതിനെതിരെ നടപടിയെടുത്ത് ഈ ഞരമ്പ് രോഗിയെ എടുത്ത് പുറത്തിടാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാവണം...ആഷിഖ ഫേസ്‌ബുക്കിൽ കുറിച്ചു.

ഈ വൃത്തികെട്ട ഗ്രൂപ്പിസത്തിനൊപ്പം നിൽക്കാൻ താല്പര്യമില്ലാത്തതിനാൽ രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിച്ച് പോയതാണ്. പക്ഷേ ഇത്ര അധ:പതിച്ച ആരോപണം ഗ്രൂപ്പ് മുതലാളി ജില്ലാ പ്രസിഡന്റിൽ നിന്ന് വന്ന സ്ഥിതിക്ക് ഇനിയും മിണ്ടാതിരുന്നാൽ അത് ഞാനെന്റെ ആത്മാഭിമാനത്തെ പണയം വെക്കുന്നതിന് തുല്യമാണ്..എന്നാണ് ആഷിഖ പ്രതികരിച്ചത്... ആഷിഖയുടെ പോസ്റ്റിന് വൻ പിന്തുണയാണ് ഹരിത അംഗങ്ങൾ നൽകിരുന്നത്. സംഭവത്തിൽ വനിതാ കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു.