കോഴിക്കോട്: 95 ശതമാനവും വിശ്വാസികളുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണഘടന എന്തുകൊണ്ടാണ് ദൈവ നാമത്തിൽ തുടങ്ങാതിരുന്നത്. മത ദൈവ വചനങ്ങൾ ഒഴിവാക്കി 'വി ദ പീപ്പിൾ ഓഫ് ഇന്ത്യ' എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ ആരംഭവാചകം തുടങ്ങിയതാണ്, പിന്നീട് ഇന്ത്യയുടെ മതേതര സ്വഭാവത്തിൽ നിർണ്ണായകമായതും ഇതുതന്നെയാണ് എന്ന് ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ആയിരുന്നു, സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ സി.എസ് സുരാജ് 'നമ്മൾ ഇന്ത്യയിലെ ജനങ്ങൾ' എന്ന പേരിൽ ചെയ്തത്. 1949 ഒക്ടോബർ 17ാംതീയതി ചേർന്ന ഇന്ത്യൻ നിയമനിർമ്മാണ സഭയുടെ മീറ്റിംഗിൽ ഭരണഘടനയുടെ ആമുഖം തയ്യാറാക്കുന്നത് സംബന്ധിച്ച് നടത്തിയ ചർച്ചകളെക്കുറിച്ചായിരുന്നു പ്രഭാഷണം. ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ എസ്സൻഷ്യയിൽ എറണാകുളം ടൗൺ ഹാളിൽ വച്ചാണ് സുരാജ് ഈ പ്രഭാഷണം നടത്തിയത്. അരമണിക്കൂർ ദൈർഘ്യമുള്ള ഈ കിടിലൻ പ്രഭാഷണം ഷെയർ ചെയ്ത മുൻ മന്ത്രിയും എംഎ‍ൽഎയുമായ ഡോ. കെ.ടി ജലീൽ പക്ഷേ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം നേരിടുകയാണ്.

പ്രഭാഷണം ഷെയർ ചെയ്തുകൊണ്ട് ചരിത്രാധ്യാപകാൻ കൂടിയായ ഡോ കെ ടി ജലീൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇങ്ങനെ എഴുതി. -'ഇന്ത്യൻ ഭരണഘടനയുടെ ആരംഭ വാചകം ദൈവ നാമത്തിൽ എന്ന് ആകാതിരുന്നത് എന്തുകൊണ്ട്? സി.എസ് സുരാജ് എന്ന ഇരുപത്തിയൊന്നുകാരന്റെ പ്രസംഗം കേൾക്കുക. ഇതിൽ പറയുന്ന കാര്യങ്ങൾ ചിലർക്കെങ്കിലും അറിയുമായിരിക്കും. നിയമ പഠന ക്ലാസ്സുകളിലല്ലാതെ ഇത്ര ചിട്ടയോടെ ഈ കാര്യങ്ങൾ പറഞ്ഞ് കേട്ടിട്ടുണ്ടാവില്ല. ഓരോരുത്തരും മനസ്സിലാക്കേണ്ട വിഷയമാണ് സുരാജിന്റെ പ്രസംഗത്തിലെ പ്രതിപാദ്യം. അരമണിക്കൂർ നീണ്ടു നിൽക്കുന്ന പ്രസംഗം കേൾക്കാൻ താഴേ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. സുരാജിന് ഒരായിരം അഭിനന്ദനങ്ങൾ''.

ഇതിന് തൊട്ടുപിന്നാലെയാണ് സൈബർലോകത്തെ ഇരവാദികളും ഇസ്ലാമിസ്റ്റുകളും ജലീന് നേരെ തിരിഞ്ഞത്. ഇന്ന് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുകൂടി ഏറെ ഗുണകരമായ മതേതരത്വത്തിനെതിരെയാണ് ഫലത്തിൽ ഇവർ തിരിഞ്ഞിരിക്കുന്നത്. സുരാജിന്റെ വീഡിയോയുടെ കണ്ടന്റ് എന്താണെന്നുപോലും നോക്കാതെയാണ് പലരുടെയും വിമർശനം. നിങ്ങൾ എന്തുകൊണ്ടാണ് യുക്തിവാദികളുടെ വീഡിയോ ഷെയർ ചെയ്യുന്നത്, യുക്തിവാദ പ്രചാരണമാണോ ലക്ഷ്യമെന്ന് ചിലർ ചോദിക്കുന്നു. 'എ.പി വഴി സിപിഎം, ഇനി യുക്തിവാദത്തിലേക്കുള്ള തയ്യാറെടുപ്പ്' എന്നാണ് മറ്റു ചിലർ. 'ഒന്നുകിൽ കമ്യൂണിസ്റ്റാവുക, അല്ലെങ്കിൽ വിശ്വാസിയാവുക. രണ്ടും കൂടി പറ്റില്ല' , 'പഴയ സിമി ബന്ധം മറക്കാനാണോ താങ്കൾ, പുരോഗമനവാദിയാവാൻ തത്രപ്പെടുന്നത്' തുടങ്ങിയ രൂക്ഷമായ കമന്റുകളും ഇതിൽ കാണാം.

എന്നാൽ ജലീൽ ആവട്ടെ, താൻ എഴുതിയതിൽ ഉറച്ചു നിൽക്കയാണ്. എല്ലാവരും നിർബന്ധമായും കാണേണ്ട വീഡിയോ ആണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതേസമയം ജലീന് പിന്തുണയായും നിരവധിപേർ എത്തുന്നുണ്ട്. 'ന്യൂനപക്ഷം എന്ന് പറയുന്ന ചിലർക്ക് ഭരണഘടന മതേതതരത്വം എന്ന് പറയുമ്പോൾ കുരുപൊട്ടുന്നത്' എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഈ ഭരണഘടനയാണ് ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ''ദൈവം എന്ന ഏറ്റവും വലിയ അന്ധവിശ്വാസത്തെ ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതി വോട്ടിനിട്ട് തോൽപ്പിച്ചതിന്റെ ചരിത്രം പറയുന്ന അത്യുഗ്രൻ പ്രഭാഷണം' ആണിതെന്നും' കമന്റുകൾ ഉണ്ട്.

പ്രഭാഷണത്തിൽ സി.എസ് സുരാജ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.'ഭരണഘടനയുടെ ആമുഖത്തെ കുറിച്ചുള്ള ചർച്ചയിൽ ദൈവനാമത്തിൽ തുടങ്ങണമെന്നാണ് കോൺസിസ്റ്റിയുവെന്റ് അസംബ്ലയിൽ എച്ച്. വി കമ്മത്ത് ആവശ്യപ്പെട്ടത്. തുടർന്ന് ശിബൻലാൽ സക്സേന, പണ്ഡിറ്റ് ഗോവിന്ദ് മാളവ്യ, എന്നിവരൊക്കെ ഭരണഘടന ദൈവനാമത്തിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഖുൻസ്രു, പട്ടം താണുപിള്ള എന്നിവർ അതിനെതിരെ ശക്തമായി രംഗത്തു വന്നു. ഇതോടെ വോട്ടെടുപ്പിലൂടെ ദൈവനാമത്തിൽ എന്നതു മാറ്റി 'നമ്മൾ ഇന്ത്യയിലെ ജനങ്ങൾ' എന്ന് ആമുഖം അംഗീകരിക്കുകയായിരുന്നു ചെയ്തത്. ഇന്ത്യയെ ഒരു മതേതര രാജമായി നിലനിർത്തുന്നതിനുള്ള ഏറ്റവും നിർണ്ണയാകമായ തീരുമാനം ആയിരുന്നു അത്. ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ ഗുണ ഫലം അനുഭവിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. അന്ന് ഭരണഘടനയിൽ ദൈവത്തെ തിരുകി കയറ്റിയിരുന്നു എങ്കിൽ ആ ദൈവത്തിന്റെ പേരിൽ ഭരണഘടനയുടെ ആമുഖം കരുവാക്കി ഇന്നത്തെ മത രാഷ്ട്രീയ നേതൃത്വം ഭരണഘടനയെ തന്നെ മാറ്റി മറിക്കുമായിരുന്നു.''

അതേസമയം തെളിവുകളെ മുൻനിർത്തി സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു സമൂഹത്തെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്സെൻസിന്റെ ഇത്തരം സെമിനാറുകൾ മത രഹിതർ മാത്രമല്ല എല്ലാ വിഭാഗത്തിലുള്ള ആളുകളും വളരെ താല്പര്യപൂർവ്വം ശ്രദ്ധിക്കാൻ തുടങ്ങി എന്നതിന്റെ സൂചന കൂടിയാണ് ഈ ചർച്ചകൾ എന്ന് എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. വെറും 21 വയസ്സുമാത്രം പ്രായമുള്ള നിയമവിദ്യാർത്ഥിയായ സി.എസ്. സുരാജ്, നിയമ- സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. എസ്സെൻസ് ഗ്ലോബലിന്റെ റിസോഴ്സ് പേഴ്സൺ ആയ സുരാജ് സോഷ്യൽ മീഡിയയിലും സജീവമാണ്.