തിരുവനന്തപുരം: മകൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ സൈബർ അക്രമികൾ രംഗത്ത്. മകൾ തട്ടം ഇടാത്ത ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചെന്നും ഒരു ലീഗുകാരൻ ഇത്തരം ഒരു മാതൃകയല്ല നൽകേണ്ടതെന്നും പറഞ്ഞുകൊണ്ടായിരുന്നു ചിത്രത്തിന് താഴെ സൈബർ അക്രമികളുടെ ആക്രോശം.

'ഇതൊക്കെ കാണുമ്പോൾ ഇപ്പോൾ ഞാനൊരു ലീഗുകാരനാണെന്ന് പറയാൻ ലജ്ജ തോന്നുന്നു', 'ഇസ്ലാമിക വേഷം പ്രോത്സാഹിപ്പിക്കുക', 'നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയെ ഓർക്കണം', ' മകളെ തട്ടം ഇട്ട് വളർത്തണം' , തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനെതിരെ ഉയർന്നിരിക്കുന്നത്. ചിലർ സയ്യിദ് മുനവറലി ശിഹാബ് തങ്ങളെയും കമന്റിൽ ടാക് ചെയ്തിട്ടുണ്ട്.

എന്നാൽ മോശം കമന്റുകൾ ചെയ്തവർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തി കമന്റ് ബോക്സിൽ തന്നെ ഒട്ടേറെപേർ രംഗത്തെത്തിയിരുന്നു.ഒരു സ്ത്രീ മുഖം മറച്ചില്ലേൽ നിങ്ങൾക്ക് അരിശം, സത്യത്തിൽ ഒരു സ്ത്രീയുടെ മുഖം കണ്ടാൽ ആത്മനിയന്ത്രണം വിട്ടുപോകുന്ന നിന്നെയൊക്കെ മലയാള നിഘണ്ടുവിലെ ഏത് പദം ചേർത്താ വിളിക്കേണ്ടത' തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടെത്തിയത്.