കോഴിക്കോട് : യൂട്ഊബർ ഫിറോസ് ചുട്ടിപ്പാറക്ക് നേരെ സംഘപരിവാർ അനുഭാവികളുടെ സൈബർ അക്രമം.പാചക വീഡിയോകളിലൂടെ പ്രസിദ്ധനായ ഫിറോസിന്റെ പുതിയ എപ്പിസോഡ് അനൗൺസ്മെന്റാണ് തീവ്ര ദേശീയ വാദികളെ പ്രകോപിതരാക്കിയിരിക്കുന്നത്. മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന ക്യാപ്ഷനിൽ പുറത്തുവിട്ട തന്റെ പുതിയ വീഡിയോക്ക് താഴെയാണ് സംഘപരിവാർ അനുകൂലികൾ സൈബർ അക്രമവുമായി രംഗത്തെത്തിയത്.

ഇന്ത്യയിൽ മയിലിനെ പിടിച്ച് കറിവെക്കുന്നതിൽ വിലക്കുണ്ടെന്നും അതിനാലാണ് ദുബായിലെ ഫാമിൽ നിന്ന് മയിലിനെ വാങ്ങി പാചകം ചെയ്യാൻ കാരണമെന്നും ഫിറോസ് വീഡിയോയിൽ വ്യക്തമാക്കുന്നു.ഇതിന് താഴെയാണ് പ്രതിഷേധ കമന്റുകൾ വരുന്നത്. മയിൽ ദേശീയ പക്ഷിയാണെന്നും അതിനെ കറിവെക്കുന്നത് രാജ്യ വിരുദ്ധമാണെന്നും ചിലർ കമന്റ് ചെയ്തു.

'മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയതുകൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളതുകൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്' എന്നായിരുന്നു മറ്റൊരു കമന്റ്. ഇന്ത്യൻ പതാക അമേരിക്കയിൽ പോയി കത്തിച്ചാൽ കേസ് ഉണ്ടാവില്ല. അതുകൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ.കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്,' ശങ്കു ടി. ദാസ് വീഡിയോക്ക് താഴെ കമന്റ് ചെയ്തു.ഫിറോസിന്റെ മതം പറഞ്ഞുള്ള വദ്വേഷ കമന്റുകളായും അഭിപ്രായങ്ങൾ വരുന്നുണ്ട്.

ഫിറോസിനെ അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്. ദേശീയ ഫലമായ മാങ്ങ ജ്യൂസടിച്ച് കുടിക്കുന്നത് രാജ്യദ്രോഹമാണോ, ദേശീയ മത്സ്യമായി അംഗീകരിച്ച അയലയെ കറിവച്ചാൽ രാജ്യദ്രോഹിയാകുമോ എന്നും ചിലർ ചോദിക്കുന്നു.എന്നാൽ പ്രകോപന കമന്റുകളും ഭീഷണികളുമെല്ലാം നിറഞ്ഞെങ്കിലും ഇതിനോടൊന്നും പ്രതികരിക്കാൻ ഫിറോസ് തയ്യാറായിട്ടില്ല.

പാലക്കാട് എലപ്പുള്ളിക്കടുത്ത ചുട്ടിപ്പാറ സ്വദേശിയാണ് യൂട്യൂബറായ ഫിറോസ്. ഗ്രാമീണ തനിമയിൽ പാചകകൂട്ടൊരുക്കി പ്രേക്ഷകർക്ക് മുമ്പിൽ വിളമ്പുന്ന വീഡിയോകളുമായാണ് അദ്ദേഹം എത്താറ്. പാചകത്തിന്റെ ബാലപാഠങ്ങൾ അറിയാതെ പാചകക്കാരനായ വ്യക്തിയാണ് ഫിറോസ്.ഗൾഫിലെ വെൽഡർ ജോലി ഉപേക്ഷിച്ചാണ് ഫിറോസ് നാട്ടിലെത്തിയ ശേഷമാണ് അദ്ദേഹം മലയാളികളുടെ ഇഷ്ടപ്പെട്ട യൂട്യൂബറായി മാറിയത്.വീഡിയോയിലൂടെ ഫിറോസിനെ പോലെ തന്നെ ശ്രദ്ധേയനായ ലക്ഷ്ണനും സജിത്തും അരുണുമാണ് ഫിറോസിനെ സഹായിക്കാനുള്ളത്.