കോഴിക്കോട്: എഡിജിപി വിജയ് സാക്കറയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് തുറന്ന് പണം തട്ടാൻ ശ്രമിച്ച സൈബർ തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ നാസിർ (22), മുഷാഖ് ഖാൻ (32) എന്നിവരെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്.

പ്രതികളുമായി അന്വേഷണ സംഘം കൊച്ചിയിലേക്ക് തിരിച്ചു. ഏറെ സാഹസികമായാണ് പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. കേസിൽ മറ്റു രണ്ടുപേർ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ മെയ്‌ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. എഡിജിപിയുടെ ചിത്രം ഉപയോഗിച്ച് തുറന്ന് ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് കൊച്ചി കളമശേരി സ്വദേശിക്ക് ഫ്രണ്ട് റിക്വസ്റ്റ് വരികയും ഉടൻ റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തു.

തുടർന്ന് ഈ അക്കൗണ്ടിൽ നിന്ന് ഫേസ്‌ബുക്ക് മെസഞ്ചർ വഴി സന്ദേശങ്ങളും എത്തി. സൗഹൃദ സംഭാഷണത്തിനിടെ 10,000 രൂപ ആവശ്യപ്പെട്ടു. പണം അയയ്ക്കാൻ ഗൂഗി ൾപേ നമ്പറും നൽകി. ഇതോടെയാണ് വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമായത്. എഡിജിപിയെ നേരിൽ വിവരം അറിയിക്കുകയും തുടർന്ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് നേരിട്ട് കേസെടുക്കുകയുമായിരുന്നു.

സൈബർ ക്രൈം ഇൻസ്പക്ടർ കെ.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്.