തിരുവനന്തപുരം; ''ഞാനും ചെത്തുജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്തുചെയ്യാം. കാലം മാറിപ്പോയില്ലേ എന്നേ അവരോടു പറയാനുള്ളൂ''-മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപങ്ങളെ പറ്റി ഉയർന്ന ചോദ്യത്തോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം കേൾക്കുന്നു. അവർ പറയട്ടെ. ഇപ്പോൾ ജാതി കൂടി പറയുന്നു. അതൊരു പുതിയ വിദ്യയാണ്. ഞാൻ ഏത് ജാതിയിൽ ആയിരുന്നുവെന്നു അവർ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പണ്ട് ചാതുർവർണ്ണ്യം നിലനിന്ന കാലത്ത് ഇന്നജാതിയിൽ പെട്ടയാൾ ഇന്ന ജോലിയേ എടുക്കാൻ പാടുള്ളൂ എന്നുണ്ടായിരുന്നു.

ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ എന്റെ അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു. ചേട്ടന്മാർ ചെത്തു തൊഴിലാളികളായിരുന്നു. അതു കൊണ്ട് വിജയനും അതേ ജോലിയേ എടുക്കാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും . പറഞ്ഞിട്ടെന്തുകാര്യം ആ കാലം മാറിപ്പോയില്ലേ. പുതിയ കാലമല്ലേ . അത് ഈ പറയുന്നവർ മനസ്സിലാക്കിയാൽ നന്ന്.''മുഖ്യമന്തി പ്രതികരിച്ചു.

പിണറായി വിജയൻ തെങ്ങുകയറാൻ പോകുന്നതാണ് ഭേദമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എൻ ശിവരാജൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിൽ ഇപ്പോൾ ശിവരാജനാണ് സംസ്ഥാന സർക്കാരിനെതിരെ നിരാഹാര സമരം നടത്തുന്നത്.