കൽപ്പറ്റ: വയനാട് ജില്ലയിലെ കമ്പളക്കാട് പൊലീസിന് തലവേദനയായി സ്ഥിരമാകുന്ന സൈക്കിൾ മോഷണം. കമ്പളക്കാട് സ്വദേശിയാണ് പരിസരത്ത് സൈക്കിൾ മോഷണം പതിവാകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.വൻവില വരുന്നതടക്കം നിരവധി സൈക്കിളുകൾ കാണാതായെന്നായിരുന്നു പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ നഷ്ടമായവയിൽ മൂന്ന് സൈക്കിൾ കണ്ടെത്തി.

കൊഴിഞ്ഞങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പിച്ചെടിയിൽ കെട്ടിയിട്ട നിലയിലും ചെടികൾക്കിടയിൽ മറച്ചുവെച്ച രീതിയിലുമായിരുന്നു സൈക്കിളുകൾ ഉണ്ടായിരുന്നത്. കൂടുതൽ സൈക്കിളുകൾ പ്രദേശത്ത് നിന്ന് മോഷ്ടിക്കപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കമ്പളക്കാട് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുചക്രവാഹനങ്ങൾ കണ്ടെത്തിയത്.

ഇവയും കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് ഉദ്യോഗസ്ഥരുള്ളത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാത്രിയിൽ പച്ചിലക്കാട് പുന്നോളി മൂസയുടെ മുപ്പതിനായിരം രൂപ വില വരുന്ന സൈക്കിൾ മോഷണം പോയതായി പരാതിയുണ്ട്. അതേ സമയം കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ മറ്റുതരത്തിലുള്ള മോഷണങ്ങളും വ്യാപകമാണെന്നാണ് നാട്ടുകാരുടെ പരാതി. ഒരു മാസം മുമ്പ് മില്ലുമുക്ക് സ്വദേശിയുടെ കാറിന്റെ നാല് ടയറുകൾ മോഷണം പോയിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ട വാഹനത്തിന്റെ ടയറുകളാണ് മോഷ്ടിക്കപ്പെട്ടത്.

കോവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ പൊലീസിന് പിടിപ്പത് പണിയാണുള്ളത്. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ മുതൽ കോവിഡ് രോഗികൾക്ക് ആശ്വാസമാകാനുള്ള ഇടപെടലുകൾ നടത്തുകയാണ് ഇതിനിടെയാണ് പൊലീസിനെ വലച്ച് സൈക്കിൾ കള്ളന്മാർ വിലസുന്നത്