അബുദാബി: ഷഹീൻ ചുഴലിക്കാറ്റിന്റെ സ്വാധീനം യുഎഇയിൽ അവസാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അഥോറിറ്റി(എൻസിഇഎംഎ) തിങ്കളാഴ്ച അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റ് ദുർബലപ്പെട്ട് ന്യൂനമർദ്ദമായി മാറി തെക്കോട്ട് നീങ്ങുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അടിയന്തര സാഹര്യങ്ങളെ നേരിടാൻ ഫെഡറൽ, പ്രാദേശിക അധികൃതർ പൂർണ സജ്ജമാണ്. യുഎഇയുടെ ചില ഭാഗങ്ങളിൽ മഴയും, ഉയർന്ന തിരമാലകളും ശക്തമായ പൊടിക്കാറ്റും ഉണ്ടായി. ഒമാൻ കടലിൽ നിന്ന് 8-9 അടി ഉയരത്തിൽ തിരമാലകളുയരുകയും കടൽ പരുക്കനാകുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ കിഴക്കൻ തീരത്ത് അഞ്ച് അടി ഉയരെ തിരമാലകൾ എത്തി. അറേബ്യൻ 5-7 അടി ഉയരത്തിലാണ് തിരമാലകൾ. അധികൃതരുടെ അറിയിപ്പുകൾ പിന്തുടരാനും ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുണ്ടായാൽ അറിയിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.