ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സന്ദർശിക്കും. സ്ഥിതിഗതികൾ വിലയിരുത്തിയെന്നും പുനരധിവാസ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്‌തെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഭുവനേശ്വറിൽ നടക്കുന്ന അവലോകന യോഗത്തിന് ശേഷം ബാലസോർ, ഭദ്രക്, പൂർബ മിഡ്നാപൂർ എന്നിവിടങ്ങളിൽ ആകാശ നിരീക്ഷണം നടത്തും. തുടർന്ന് പശ്ചിമ ബംഗാളിൽ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

ഒഡീഷ, പശ്ചിമബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടമാണ് യാസ് ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. ബംഗാളിൽ മൂന്ന് ലക്ഷത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 50ഓളം തീരദേശ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ നിരവധി വീടുകൾ തകർന്നു. കടൽക്ഷോഭത്തെ തുടർന്ന് ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിൽ മുങ്ങി.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 1000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ബംഗാളിൽ ഒരു കോടി ആൾക്കാരെ ചുഴലിക്കാറ്റ് ബാധിച്ചെന്നും മൂന്ന് ലക്ഷം വീടുകൾ നശിച്ചുവെന്നും മമത പറഞ്ഞു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് 7 ദിവസത്തെ ദുരിതാശ്വാസ പ്രവർത്തനം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ആഞ്ഞടിച്ച 128 ഗ്രാമങ്ങളിലെ റോഡുകളും വൈദ്യുതിയും 24 മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിക്കണമെന്നും നിർദ്ദേശം നൽകി.

ഒഡിഷ, ബംഗാൾ തീരമേഖലകളിൽ ചീറിയടിച്ച കാറ്റും ശക്തമായ മഴയും വൻനാശമുണ്ടാക്കി. കടൽത്തിരകൾ കിലോമീറ്ററുകളോളം കരയിലേക്കു കയറി. ഒഡിഷയിൽ 5.8 ലക്ഷം പേരെയും ബംഗാളിൽ 15 ലക്ഷം പേരെയും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതിനാൽ ആൾനാശം കുറയ്ക്കാനായി.