ബംഗളൂരു: കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. കഫേ കോഫി ഡേ സ്ഥാപകൻ പരേതനായ വി.ജി. സിദ്ധാർത്ഥയുടെ മകനും ബിജെപി നേതാവ് എസ്.എം. കൃഷ്ണയുടെ പേരക്കുട്ടിയുമായ അമർത്യ ഹെഗ്‌ഡെയാണ്​ വരൻ. ഞായറാഴ്ച രാവിലെ ബംഗളൂരുവിലാണ്​ വിവാഹ ചടങ്ങ്​ നടന്നത്​. മതപരമായ ആചാരങ്ങളോടെയായിരുന്നു വിവാഹം.

ഐശ്വര്യയുടെയും അമർത്യയുടെയും വിവാഹ ചടങ്ങിൽ നിരവധി കോൺഗ്രസ്, ബിജെപി നേതാക്കൾ പങ്കെടുത്തു. 800 ഓളം അതിഥികളെ വിവാഹത്തിന് ക്ഷണിച്ചിരുന്നതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. 2020 നവംബർ 19 ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നഗരത്തിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരിമിതമായ ഉറ്റസുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് അന്ന് ചടങ്ങിൽ പങ്കെടുത്തത്.

ശിവകുമാറിന്റെ ഗ്ലോബൽ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്റെ ഭരണച്ചുമതല നിർവഹിക്കുകയാണ് എഞ്ചിനീയറിങ് ബിരുദധാരിയും 23കാരിയുമായ ഐശ്വര്യ. അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കിയ അമർത്യ പിതാവ്​ സിദ്ധാർഥയുടെ മരണശേഷം ബിസിനസ് നടത്തുകയാണ്. കർണാടക മുൻ മുഖ്യമന്ത്രിയായ എസ്​.എം കൃഷ്ണയുമായി അദ്ദേഹം പാർട്ടിയിലുള്ള കാലത്ത്​ തുടങ്ങിയ സുഹൃദ്​ബന്ധം, കൃഷ്​ണ ബിജെപിയിൽ ചേർന്ന ശേഷവും ഡി.കെ മുറിയാതെ സൂക്ഷിച്ചിരുന്നു. കൃഷ്ണയുടെ മരുമകൻ സിദ്ധാർത്ഥയുമായും ശിവകുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു.

2018 ജൂലൈ 31ന്​ സിദ്ധാർത്ഥ ആത്മഹത്യ ചെയ്യുന്നതിന്​ മുമ്പ്​ തന്നെ ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായുണ്ടായ വിയോഗത്തെ തുടർന്ന്​ വിവാഹം നീട്ടിവെക്കുകയായിരുന്നു.