ന്യൂഡൽഹി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരസ്യ വിമർശനം തള്ളി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് സ്വീകാര്യമല്ല. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ട്. എന്നാൽ അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ഡി. രാജ പറഞ്ഞു. സിപിഐ ദേശീയ നിർവ്വാഹക സമിതിയിൽ രൂക്ഷ വിമർശനമാണ് കാനത്തിനെതിരെ ഉയർന്നത്.

പാർട്ടിയെ കനയ്യ വഞ്ചിച്ചുവെന്ന ഡി.രാജയുടെ നിലപാടിനോട് കേരള ഘടകത്തിന് വിയോജിപ്പുണ്ടെന്നാണ് കാനം പറഞ്ഞത്. സംസ്ഥാന വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ, സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തണമെന്ന തീരുമാനത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾക്കാണ് ഡി രാജ മറുപടി പറഞ്ഞത്.

സ്ത്രീസുരക്ഷയടക്കം പൊതുവിഷയങ്ങളിൽ ദേശീയ നേതാക്കൾക്ക് അഭിപ്രായം പറയാം. ആനി രാജയുടെ പരാമർശത്തിൽ കേരള ഘടകം എതിർപ്പറിയിച്ചിട്ടില്ല. വാർത്തകൾ മാത്രമേയുള്ളൂവെന്നും ഡി രാജ പറഞ്ഞു.

കനയ്യകുമാർ പാർട്ടിയെ വഞ്ചിക്കുകയായിരുന്നെന്ന മുൻ നിലപാട് ഡി. രാജ ആവർത്തിച്ചു. ബിജെപി, ആർഎസ്എസ്, സംഘപരിവാർ ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരുന്നപ്പോൾ കനയ്യക്ക് സംരക്ഷണം നൽകിയത് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. കനയ്യക്കൊപ്പം പാർട്ടി നിന്നു. കമ്യൂണിസ്റ്റ് പാർട്ടിയേയും ആദർശങ്ങളേയും കനയ്യ കുമാർ വഞ്ചിച്ചുവെന്നും ഡി.രാജ പറഞ്ഞു.

അതേസമയം, 24ാമത് സിപിഐ പാർട്ടി കോൺഗ്രസ് അടുത്തവർഷം ഒക്ടോബർ 14 മുതൽ 18 വരെ വിജയവാഡയിൽ നടക്കുമെന്ന് ഡി.രാജ അറിയിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കാൻ അടവുനയം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.