ബംഗളുരു: കർണാടക പൊലീസിൽ സത്യസന്ധത കൊണ്ട് വിവാദങ്ങളിൽ ചാടിയിട്ടുള്ള വ്യക്തിയാണ് ഡി രൂപ ഐപിഎസ്. ഭരിക്കുന്നവർ ആരായും മുഖം നോക്കാതെ വിമർശിക്കുന്നത് ശൈലിയാക്കിയ ഉദ്യോഗസ്ഥ, അഴിമതിക്കാരുടെ പേടിസ്വപ്‌നം,. എന്നും വിവാദ നായിക. ഇങ്ങനെയുള്ള രൂപ ഐപിഎസിനെ വീണ്ടും സ്ഥലം മാറ്റിയിരിക്കയാണ് കർണാടകയിലെ ബിജെപി സർക്കാർ. കർണാടക ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡി രൂപ ഐപിഎസിനെ കരകൗശല വികസന കോർപറേഷനിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.

മുതിർന്ന ഉദ്യോഗസ്ഥനായ ഹേമന്ത് നിംബൽകറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് രൂപയുടെ സ്ഥലംമാറ്റം. കോടികളുടെ ബംഗളൂരു സെയ്ഫ് സിറ്റി പ്രൊജക്ടിന്റെ ടെണ്ടറിലെ ക്രമക്കേടാണ് രൂപ ചൂണ്ടിക്കാണിച്ചത്. 619 കോടി രൂപയെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നതാണ് ഇവരെ വീണ്ടും തഴയാൻ ഇടായിക്കിയത്. എന്നാൽ, സ്ഥലം മാറ്റം പുത്തരയില്ലാത്ത രൂപയ്ക്ക് ഇപ്പോഴത്തെ നടപടിയിലും അത്ഭുതമില്ല. ് 20 വർഷത്തിനിടെ സ്ഥലംമാറ്റപ്പെട്ടത് 40 തവണയാണ് ഇവർ സ്ഥലം മാറ്റപ്പെട്ടത്.

'സ്ഥലംമാറ്റം സർക്കാർ ജോലിയുടെ ഭാഗമാണ്. എന്റെ കരിയർ എത്ര വർഷമാണോ അതിന്റെ ഇരട്ടി തവണ സ്ഥലംമാറ്റപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായി നടക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക എന്നതിൽ അപായ സാധ്യതയുണ്ട്. എന്നാൽ ജോലിയിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറല്ല. ഏത് പോസ്റ്റിൽ ആണെന്നത് വിഷയമല്ല'- രൂപ ഐപിഎസ് ട്വീറ്റ് ചെയ്തു.

പല ഓഫീസർമാരും മനസമാധാനം കരുതി പല പ്രശ്‌നങ്ങളിലും ഇടപെടാതെ മാറിനിൽക്കുന്നു. ശക്തരുടെ കോപം ക്ഷണിച്ചു വരുത്താതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു. എന്നാൽ താൻ ശരിയുടെ പക്ഷത്ത് നിലകൊള്ളുന്ന കാലത്തോളം മറ്റൊന്നും കാര്യമാക്കുന്നില്ലെന്നും രൂപ മാധ്യമങ്ങളോട് പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായ ജയലളിതയുടെ സഹായി ശശികലയ്ക്ക് ജയിലിൽ വിഐപി പരിഗണന ലഭിച്ചെന്ന് രൂപ റിപ്പോർട്ട് നൽകിയത് വൻ വിവാദമായിരുന്നു. പല സംഭവങ്ങളിലായി പല തവണ രൂപ വിശദീകരണം നൽകാൻ വിളിപ്പിക്കപ്പെട്ടു. ഏറ്റവും ഒടുവിലായി പടക്കം നിരോധിക്കണമെന്ന് പറഞ്ഞതിന് രൂപക്കെതിരെ സൈബർ ആക്രമണം ഉണ്ടായി. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് എതിരെയായിരുന്നു രൂപയുടെ പരാമർശം. പടക്കം പൊട്ടിക്കുന്നതും ഹൈന്ദവാചാരവും തമ്മിൽ ബന്ധമൊന്നുമില്ല. ദീപാവലി പടക്കം പൊട്ടിക്കാതെ തന്നെ നല്ല രീതിയിൽ ആഘോഷിക്കാം. പടക്കം പൊട്ടിക്കുന്നത് ആരോഗ്യത്തെയും അന്തരീക്ഷത്തെയും ബാധിക്കുമെന്നുമാണ് രൂപ പറഞ്ഞത്.

താൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു ലക്ഷ്യമില്ലെന്നും പൊലീസിൽ തന്നെ തുടരുമെന്നും രൂപ വ്യക്തമാക്കുകയുണ്ടായി. 2000 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് രൂപ. 2016ലും 2017ലുമായി രണ്ട് തവണ പ്രസിഡന്റിന്റെ മെഡൽ ലഭിച്ചിട്ടുണ്ട്. കർണാടക സംസ്ഥാനത്തിൽ നിന്നുള്ള ആദ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയാണ്.

സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഒറ്റമകളായി കർണ്ണാടകയിലെ ദാവൻഗരെയിൽ ആയിരുന്നു രൂപയുടെ ജനനം. അച്ഛൻ ദിവാകർ ഒരു എഞ്ചിനീയർ ആയിരുന്നു. ചെറുപ്പത്തിലേ കലകയികമേഖലകളിൽ തന്റെ കഴിവ് രൂപ തെളിയിച്ചിരുന്നു. സ്‌കൂൾ പഠനകാലത്ത് എൻസിസി കേഡറ്റ് ആയിരിക്കുമ്പോൾ, ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയാകുവാൻ ആയിരുന്നു രൂപ ആഗ്രഹിച്ചിരുന്നത്.

ദാവൻഗരെ എ.വി.കെ കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം അവർ സിവിൽ സർവീസസ് പരീക്ഷയിൽ തയ്യാറായി. 2000-ത്തിൽ നടന്ന യു.പി.എസ്.സി പരീക്ഷയിൽ 43-ാം റാങ്കായിരുന്നു രൂപ നേടിയത്. പരിശീലന കാലയളവിൽ തന്റെ ബാച്ചിലെ അഞ്ചാം സ്ഥാനക്കാരിയും കർണ്ണാടകയിലെ ആദ്യത്തെ വനിത ഐപിഎസ് ഓഫീസറും കൂടിയായിരുന്നു രൂപ ദിവാകർ. ഹൈദരാബാദ് എൻപിഎസിൽ പരിശീലനം നേടിയ രൂപ ഷാർപ്പ് ഷൂട്ടറായിക്കൂടിയാണ് അറിയപ്പെടുന്നത്.

പരിശീലനത്തിനു ശേഷം നോർത്ത് കർണാടകയിലെ ധാർവാദ് ജില്ലയിൽ പൊലീസ് സൂപ്രണ്ട് (എസ്‌പി.) ആയിട്ടായിരുന്നു രൂപയുടെ ആദ്യ നിയമനം. കുറ്റവാളികളുടെയും അഴിമതിക്കാരുടെയും പേടിസ്വപ്നമായിരുന്നു രൂപ. രാഷ്ട്രീയപരമായ എതിർപ്പുകൾക്ക് രൂപയുടെ ഈ കർക്കശമായ നിലപാടുകൾ കാരണമായി. കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിക്കെതിരെ കോടതി വിധിയുണ്ടായപ്പോൾ അവരെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം കാണിച്ചിട്ടുണ്ട് ഈ 'സൂപ്പർകോപ്'.

വി.വി.ഐ.പികളുടേയും രാഷ്ട്രീയക്കാരുടേയും സൗകര്യങ്ങൾക്കായി വിട്ടുകൊടുത്തിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പിൻവലിച്ചുകൊണ്ട് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട് രൂപ. ആംഡ് റിസർവ് ഡി.സി.പിയായിരിക്കുന്ന സമയത്ത് യദിയൂരപ്പയുടെ സുരക്ഷയ്ക്കായുള്ള വാഹന വ്യൂഹത്തിൽ നിന്നുള്ള നിരവധി വാഹനങ്ങൾ പിൻവലിച്ചു കൊണ്ടും അവർ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി. ഇതുമൂലം ഈ ധീരയായ ഓഫീസർക്ക് നാൽപ്പതോളം തവണ സ്ഥലംമാറ്റം ലഭിച്ചിട്ടുമുണ്ട്.'

അഴിമതി കേസിൽ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എ.ഐ.എ.ഡി.എം.കെ അധ്യക്ഷ വി.കെ ശശികല ജയിലിൽ പ്രത്യേക സൗകര്യങ്ങൾ അനുവദിച്ചു കിട്ടുന്നതിന് രണ്ടു കോടി രൂപ കോഴ നൽകിയെന്ന് 'രൂപ' എന്ന ഐപിഎസ് പെൺപുലിയുടെ വെളിപ്പെടുത്തൽ ഏവരെയും ഞെട്ടിച്ചിരുന്നു. ജയിൽ ഡി.ഐ.ജി കൂടിയായ രൂപ ഐപിഎസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ കർശന നിർദ്ദേശം നൽകി. ജയിൽ ഡിജിപി ഉൾപ്പെടെയുള്ളവർ കോഴയുടെ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും രൂപ ഐപിഎസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നതുമായിരുന്നു.

''സർക്കാർ സേവകയെന്ന നിലയിൽ എല്ലാ സംഘടനകളോടും തുല്യ അകലം പാലിക്കാനും നിഷ്പക്ഷത പുലർത്താനും താൻ ബാധ്യസ്ഥയാണ്. എങ്കിലേ പൊതുജനത്തിന് മുന്നിൽ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ സാധിക്കുകയുള്ളൂ.'' രൂപയുടെ ദൃഢ നിശ്ചയമുള്ള ഈ വാക്കുകൾ രാജ്യത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു മാതൃകയാണ്.

കർക്കശക്കാരിയായ പൊലീസ് എന്നതിലുപരി മറ്റൊരു മുഖം കൂടിയുണ്ട് രൂപയ്ക്ക്. കലാപരമായി ഒട്ടേറെ കഴിവുകളുള്ള രൂപ ഒരു ഭരതനാട്യം നർത്തകിയും ക്ലാസിക്കൽ ഹിന്ദുസ്ഥാനി ഗായികയുമാണ്. 2003 ൽ മുനിഷ് മൗഡ്ഗിൽ എന്ന ഐഎഎസ് ഉദ്യോഗസ്ഥനായി രൂപയുടെ വിവാഹം നടന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. സ്തുത്യർഹ സേവനത്തിന് 2016 ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും രൂപയെ തേടിയെത്തിയിട്ടുണ്ട്.

കഴിഞ്ഞ വനിതാ ദിനത്തിൽ പാട്ടുപാടി എല്ലാവരെയും കയ്യിലെടുത്ത ചരിത്രം കൂടിയുണ്ട് രൂപയ്ക്ക്. നഗരത്തിലെ വനിതകളെ സ്വന്തം സ്വപ്നം നേടിയെടുക്കാൻ പ്രേരിപ്പിക്കുന്നതാണ് രൂപയുടെ ഗാനം. ബൈ 2 കോഫി ടാക്കീസ് എന്ന യൂട്യൂബ് ചാനലിലാണ് ഈ ഗാനം നൽകിയിരിക്കുന്നത്. കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും സന്ധിയില്ലാതെ പോരാടുന്ന രൂപയുടെ മറ്റൊരു മുഖമാണ് ആൽബം വ്യക്തമാക്കുന്നത്. മനോഹരമായ ശബ്ദമെന്നും ഇനിയും ആലപനം തുടരണമെന്നുമെല്ലാമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.