വയനാട്: മീനങ്ങാടിയിലെ മോഷണ കേസുകളിൽ പ്രതി ചേർക്കപ്പെട്ട അത്തിക്കടവ് ആദിവാസി കോളനിയിലെ ദീപുവിന് ജാമ്യം. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ദീപു പുറത്തിറങ്ങുന്നത്. പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനമേറ്റാണ് മോഷണ കുറ്റം സമ്മതിച്ചതെന്ന് ദീപു പറയുന്നു.

ഈ മാസം അഞ്ചിനാണ് കാർ മോഷ്ടിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ദീപുവിനെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് മീനങ്ങാടിയിലെ മറ്റ് രണ്ട് മോഷണ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തി. മീനങ്ങാടി അത്തിക്കടവ് ആദിവാസി കോളനിയിലെ ദീപുവിനെ പൊലീസ് കള്ളകേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് കുടുംബവും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.

ബത്തേരി ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ദീപുവിന് ജാമ്യം അനുവദിച്ചത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൊലീസുണ്ടാക്കിയ കള്ളക്കഥയാണിതെന്നും പുറത്തിറങ്ങിയ ദീപു പറഞ്ഞു. ബത്തേരിയിൽ വെച്ച് കാറിൽ ചാരി നിന്നതിന് ഉടമയുമായി വാക്ക് തർക്കമുണ്ടായതല്ലാതെ കാർ മോഷ്ടിക്കാൻ ശ്രമിച്ചിട്ടില്ല.

മീനങ്ങാടിയിലെ വീട്ടിൽ നിന്ന് സ്വർണ്ണവും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന പരാതി പൊലീസ് തിരക്കഥയാണ്. കുറ്റങ്ങളേൽക്കാൻ ആവശ്യപ്പെട്ട് പൊലീസ് വളഞ്ഞിട്ട് തല്ലിയെന്നും ദീപു ആരോപിച്ചു. മീനങ്ങാടിയിലെ മോഷണകേസുകളിൽ ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കോടതി ദീപു നിരപരാധിയാണെന്ന് കണ്ടെത്തിയിട്ടില്ല. പൊലീസ് കസ്റ്റഡിയിൽ വെച്ച് ദീപുവിനെ മർദ്ദിച്ചിട്ടില്ല. ചില സംഘടനകൾ ചേർന്ന് പൊലീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ തയ്യാറാകുമെന്നും ബത്തേരി പൊലീസ് അറിയിച്ചു.