കാസർകോട്: ദേശീയ പാത ആറു വരി പാതയായി ഉയർത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വികസന പ്രവർത്തങ്ങൾക്ക് നാലര പതിറ്റാണ്ട് പഴക്കമുള്ള ദർഗ മാറ്റിസ്ഥാപിച്ചു. നുള്ളിപ്പാടി മുഹ്യുദ്ദീൻ ജുമാ മസ്ജിദ് പരിസരത്ത് സ്ഥിതി ചെയ്തിരുന്ന ഹലീമാബീവിയുടെ ദർഗയാണ് മസ്ജിദ് കമിറ്റിയുടെ നേതൃത്വത്തിൽ മാറ്റി സ്ഥാപിച്ചത്. 45 വർഷം മുമ്പ് റമദാൻ 14ന് മരണപ്പെട്ട ബീവിയുടെ ദർഗ പരിപാലിക്കുന്നത് മസ്ജിദ് കമിറ്റിയാണ്. പ്രവാചക കുടുംബത്തിൽ പെട്ടവരും ഇസ്ലാമിക പ്രബോധനത്തിനായി കേരളത്തിലെത്തിയവരുടെയും കുടുംബത്തിൽ പെട്ട മഹതിയാണ് ഹലീമ ബീവി.

ദേശീയ പാതയുടെ വികസനത്തിനായി ഈ സ്ഥലം അനിവാര്യമായതോടെയാണ് ദർഗ മാറ്റിവെക്കാൻ കുടുംബം സന്തോഷത്താടെ തയ്യാറായത്. സമസ്ത കേരള ജംഇയ്യതുൽ ഉലമ നിർദ്ദേശ പ്രകാരം പ്രമുഖ പണ്ഡിതനും കാസർകോട് സംയുക്ത ജമാഅത് ഖാദിയുമായ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരുടെ ഉപദേശ നിർദ്ദേശങ്ങൾ പ്രകാരമാണ് തുടർ നടപടികൾ സ്വീകരിച്ചത്.

ദർഗ ഉൾപെടുന്ന ഏഴര സെന്റ് സ്ഥലമാണ് കമ്മിറ്റി റോഡിനായി വിട്ടുനൽകിയത്. ഇത്കൂടാതെ മറ്റ് അഞ്ച് ഖബറുകളും ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. ദേശീയ പാത വികസനത്തിനായി നുള്ളിപ്പാടി മുഹ്യുദ്ദീൻ ജുമാ മസ്ജിതിന്റെ പള്ളിയുടെ മിനാരത്തിന്റെ മുൻവശവും പൊളിച്ചുമാറ്റേണ്ടതുണ്ട്.

നഷ്ടപരിഹാരമായി ലഭിച്ച 1.85 കോടി രൂപ കൊണ്ട് പള്ളി പുതുക്കിപ്പണിയാനാണ് തീരുമാനം. രാജ്യം വികസിക്കുമ്പോൾ അതിനോടൊപ്പം നിൽക്കുക എന്നുള്ള സന്ദേശം ഏറ്റവും നന്നായി നടപ്പിലാക്കിയ പള്ളി കമ്മിറ്റിയെ അഭിനന്ദിച്ച് സന്ദേശങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് . നേരത്തേ സമാന രീതിയിൽ മൊഗ്രാൽ പുത്തൂർ കുന്നിലിലെ സൂഫി ബാവയുടെ ഖബറിടവും ദേശീയ പാത വികസനത്തിനായി മാറ്റിയിരുന്നു.