തിരുവനന്തപുരം: മുൻ എംപി പി.കെ.ബിജുവിന്റെ ഭാര്യ ഡോ. വിജി വിജയൻ സ്വന്തം ഗവേഷണ പ്രബന്ധങ്ങളിൽ മറ്റു പ്രബന്ധങ്ങളിലെ ഡേറ്റ അനധികൃതമായി പകർത്തിയെന്ന ആരോപണത്തിന് പിന്നാലെ, അവരുടെ ഗവേഷക ഗൈഡ് അടക്കമുള്ള മുതിർന്ന അദ്ധ്യാപകരും ഡേറ്റ തിരിമറി നടത്തിയതായി ആരോപിച്ചു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി രംഗത്ത്. ഗവർണർക്കും യുജിസി ചെയർമാനും സമിതി പരാതി നൽകി.

ബിജുവിന്റെ ഭാര്യയുടെ ഗവേഷക ഗൈഡും സർവകലാശാലാ സെനറ്റ് അംഗവുമായ പ്രഫസർ, ബിജുവിന്റെ ഭാര്യയെ സർവകലാശാലയിൽ നിയമിച്ച സെലക്ഷൻ കമ്മിറ്റി അംഗവും ബയോ കെമിസ്ട്രി വകുപ്പു മേധാവിയുമായ പ്രഫസർ, ബിജുവിന്റെ ഭാര്യയോടൊപ്പം സർവകലാശാലയിൽ നിയമിതനായ അസി. പ്രഫസർ എന്നിവരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഡേറ്റ പകർത്തിയെന്ന് ആരോപിച്ചാണ് കമ്മിറ്റി പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളും തെളിവും ഉൾപ്പെടെയാണു പരാതി. കേരള സർവകലാശാലാ വൈസ് ചാൻസലർക്കും പരാതി നൽകിയിട്ടുണ്ട്.

പകർത്തലിനെക്കുറിച്ച് ആരോപണങ്ങളുയർന്നപ്പോൾ പ്രബന്ധങ്ങളിലെ തെറ്റുകൾ മനസ്സിലാക്കാനുള്ള മാർഗമായാണ് പബ് പിയറിനെ താൻ കണ്ടിട്ടുള്ളതെന്ന വാദവുമായി വിജി വിജയൻ മുന്നോട്ടുവന്നിരുന്നു. തന്റേതിൽ മാത്രമല്ല മറ്റു പലരുടെയും പ്രബന്ധങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നുകൂടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോഴാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി മറ്റ് അദ്ധ്യാപകരുടെ പ്രബന്ധങ്ങൾകൂടി പബ് പിയർ വഴി പരിശോധിച്ചത്. അങ്ങനെയാണ് കൂടുതൽ പ്രൊഫസർമാരുടെ തട്ടിപ്പ് പുറ്ത്തുവന്നത്.

ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നേതാക്കന്മാരുടെ ഭാര്യമാർക്ക് ആശ്രിതനിയമനങ്ങൾ നൽകാനുള്ള ഇടങ്ങളാക്കി യൂണിവേഴ്‌സിറ്റികളെ മാറ്റുന്നുവെന്ന് ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നേരത്തെ രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് പല രേഖകളും അവർ പുറത്തുവിടുകയും ചെയ്തു. എ.എൻ. ഷംസീർ എംഎൽഎ, മുൻ എംപി എം.ബി രാജേഷ് തുടങ്ങി നിരവധി പ്രമുഖരുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിലും യൂണിവേഴ്‌സിറ്റി കോളേജിലെ നിയമന തട്ടിപ്പ് പൊളിച്ചതിലും മുഖ്യപങ്കാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി വഹിച്ചത്.