നീലേശ്വരം: മകൾ മികവോടെ പഠിച്ച് ഡോക്ടർ ആയ സന്തോഷത്തിലാണ് ലോട്ടറി വിൽപ്പന തൊഴിലാളിയായ പിതാവ്. മടിക്കൈ പഞ്ചായത്തിലെ ബങ്കളം ലക്ഷം വീട് കോളനിയിലെ ടി. വി രാഘവന്റെയും വി. എം ശോഭനയുടെ മകൾ ടി. എം രാഖിയാണ് ഡോക്ടർ ആയത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഈ വർഷം എം. ബി. ബി. എസ് പാസായി അവിടെ തന്നെ ഹൗസ് സർജൻസിയിൽ പ്രാക്റ്റിസ് നടത്തുകയാണ് രാഖി.

ബങ്കളത്തെ ലക്ഷം വീട് കോളനിയിലെ കൊച്ചു കൂരയിൽ നിന്ന് ഡോക്ടർ ആയ സന്തോഷത്തിലാണ് നാട്ടുകാരും. കഴിഞ്ഞ 15 വർഷത്തിലധികമായി നീലേശ്വരം നഗരത്തിൽ ലോട്ടറി വിൽപ്പന നടത്തി വരികയാണ് രാഘവൻ. ടിക്കറ്റ് വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് പഠിക്കാൻ മിടുക്കിയായ മകളെ പഠിപ്പിച്ചത്. ഒന്ന് മുതൽ അഞ്ച് വരെ കക്കാട്ട് ഗവ: ഹൈസ്‌ക്കൂളിലായിരുന്നു പഠനം.

തുടർന്ന് ആറ് മുതൽ പ്ലസ് ടു പെരിയ നവോദയ വിദ്യാലയത്തിലായിരുന്നു. 2016ൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി. ആദ്യ അലോട്ട്‌മെന്റിൽ തന്നെ മേറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുകയും ചെയ്തു. ലോട്ടറി വിൽപ്പനയിൽ നിന്ന് കിട്ടുന്ന വരുമാനം തികയാതെ വന്നപ്പോഴും പതറാതെ പഠനചെലവ് കണ്ടെത്തി മകളുടെ ഡോക്ടർ സ്വപ്നം പൂവണിയിപ്പിച്ചു. മടിക്കൈ പഞ്ചായത്തിൽ മാവിലൻ സമുദായത്തിലെ ആദ്യ ഡോക്ടറാണ്.

മകളുടെ വിജയത്തെ കുറിച്ച് രാഘവന്റെ പ്രതികരണം ഇങ്ങനെ ..

'ജീവിത വഴി വലിയ പ്രതിസന്ധി ആയിരുന്നു. എന്നാലും മകളുടെ വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകിയത്. രണ്ടു മക്കളെയും അവരുടെ ആഗ്രഹം പോലെ പഠിപ്പിക്കാൻ സാധിച്ച. എന്നാൽ ഇത് എന്റെ മിടുക്ക് മാത്രമല്ല, പഠിക്കാൻ വേണ്ടി മക്കൾ നടത്തിയ ശ്രമങ്ങളുടെ വിജയമാണ് . പലരോടും കടപ്പാട് ഉണ്ട്. അവർക്ക് എല്ലാം നന്ദി അറിയിക്കുന്നു'.

തന്റെ വിജയത്തെ കുറിച്ച് രാഖി പറയുന്നത് ഇങ്ങനെ:

'എന്റെ വിജയം വലിയ സംഭവമായിട്ട് എനിക്ക് തോന്നിയിട്ടില്ലേ....പലരുടെയും വിജയം ഇതുപോലെ തന്നയാണ്. ചിലർക്ക് സാമ്പത്തിക ഭദ്രത ഉണ്ടന്നൊഴിച്ചാൽ മറ്റെല്ലാം ഘടകങ്ങളും വിദ്യാർത്ഥികൾ ഒരുപോലെ തരണം ചെയ്താണ് വിജയം നേടിയെടുക്കുന്നത്.'

അനിൽ ബങ്കളം അടക്കമുള്ള നിരവധി നേതാക്കളും സാമൂഹ്യ പ്രവർത്തകരും കുടുംബത്തിന്ന് ആശംസകൾ അറിയിക്കാൻ എത്തിയിരുന്നു.

പ്രതിസന്ധികളിൽ തളർത്തിയില്ല.ലക്ഷം വീട് കോളനിയിലെ കൊച്ചു കൂരയിൽ നിന്ന് മകൾ പഠിച്ച് മിടുക്കിയായ ഒരൂ ഡോക്ടർ ആയ സന്തോഷത്തിലാണ് ലോട്ടറി വിൽപനക്കാരനായ ടി. വി രാഘവൻ.