തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ലാതായെന്ന് പറയുന്നത് പച്ചക്കള്ളം. ഗ്രൂപ്പുകളെ അപ്രസക്തമാക്കി നേതാക്കൾ തമ്മിലെ ധാരണയാണ് ഇപ്പോൾ. കെസി വേണുഗോപാലിനാണ് ഇപ്പോൾ മുൻതൂക്കം. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുന്ന സാധ്യതാ പട്ടിക മറുനാടൻ ലഭിച്ചു. 14 ജില്ലാ അധ്യക്ഷന്മാരുടെ നാമനിർദ്ദേശത്തിലും നേതാക്കളുടെ താൽപ്പര്യം പ്രകടമാണ്. ഒരു ഗ്രൂപ്പിലും ഇല്ലാത്ത വിടി ബൽറാമിനെ പോലുള്ളവർ പൂർണ്ണമായും അവഗണിക്കപ്പെട്ടു.

തിരുവനന്തപുരത്ത് നിലവിൽ നെയ്യാറ്റിൻകര സനലാണ് ഡിസിസി അധ്യക്ഷൻ. കെസിയോട് അടുപ്പമുള്ള ആൾ. അതുകൊണ്ട് പുനഃസംഘടനയിലും തനിക്ക് തന്നെ തിരുവനന്തപുരം വേണമെന്ന് കെസി വേണുഗോപാൽ വാദിച്ചു. ഇതിനൊപ്പം ആലപ്പുഴയിലും വയനാട്ടിലും സ്വന്തം പ്രസിഡന്റുമാരെ നിയമിക്കാനാണ് നീക്കം. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നോമിനിക്കും കോഴിക്കോട് കെ മുരളീധരന്റെ വിശ്വസ്തനും ഡിസിസി അധ്യക്ഷന്മാരായേക്കും. പാലക്കാടും പിടിമുറുക്കാൻ കെസിക്ക് താൽപ്പര്യമുണ്ട്. എവി ഗോപിനാഥിനെ അംഗീകരിക്കാതെ കെസി പാലക്കാട്ടെ സ്ഥിതി വഷളാക്കുകയാണ്.

കെ സുധാകരനാണ് സാധ്യതാ പട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറിയത്. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെസിക്ക് മാത്രമാകും ഇനി ഇതിൽ ഇടപെടാൻ കഴിയുന്ന കേരളാ നേതാവ്. അതുകൊണ്ട് തന്നെ ആലപ്പുഴയിലും പാലക്കാടും കെസിയുടെ താൽപ്പര്യങ്ങൾ നടക്കുമെന്ന സൂചനകൾ സജീവമാണ്. കൊല്ലത്തും തൃശൂരിലും ഡിസിസി പ്രസിഡന്റുമാരാകാൻ കടുത്ത മത്സരമാണുള്ളത്. ഇടുക്കിയിലും പത്തനംതിട്ടയിലും കോഴിക്കോടും കോട്ടയത്തും ഡിസിസി അധ്യക്ഷന്മാരായി ഒരാളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. രമേശ് ചെന്നിത്തലയോട് കടുത്ത അനീതിയാണ് കാട്ടിയത്. മലപ്പുറം എ ഗ്രൂപ്പിന് ഉറപ്പായിട്ടുണ്ട്.

രാഹുൽ ഗാന്ധിക്ക് കെപിസിസി നൽകിയ സാധ്യതാ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: മണക്കാട് സുരേഷ്(കെസി വേണുഗോപാൽ)
കൊല്ലം: ആർ ചന്ദ്രശേഖർ(വിഡി സതീശൻ), രാജേന്ദ്രപ്രസാദ്(കൊടിക്കുന്നിൽ സുരേഷ്)
ആലപ്പുഴ: ബാബുപ്രസാദ്(ഐ ഗ്രൂപ്പ്), എംജെ ജോബ്(കെസി വേണുഗോപാൽ)
എറണാകുളം; മുഹമ്മദ് ഷിയാസ്(വിഡി സതീശൻ), ഐകെ രാജു(ഐ ഗ്രൂപ്പ്)
കോട്ടയം: നാട്ടകം സുരേഷ്(തിരുവഞ്ചൂർ രാധാകൃഷ്ണൻ)
പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പിൽ(പിജെ കുര്യൻ)
ഇടുക്കി: സിപി മാത്യു
തൃശൂർ: അനിൽ അക്കര(ടിഎൻ പ്രതാപൻ), ജോസ് വെള്ളൂർ(കെ സുധാകരൻ)
പാലക്കാട്: എ തങ്കപ്പൻ(കെസി വേണുഗോപാൽ), എവി ഗോപിനാഥ്
മലപ്പുറം: ആര്യാടൻ ഷൗക്കത്ത്, വി എസ് ജോയ്(എ ഗ്രൂപ്പ്)
കോഴിക്കോട്: കെ പ്രവീൺ കുമാർ(കെ മുരളീധരൻ)
വയനാട്:കെകെ അബ്രഹാം(കെസി വേണുഗോപാൽ)
കണ്ണൂർ: മാർട്ടിൻ ജോർജ്(കെ സുധാകരൻ)
കാസർകോട്: ഖാദർ മങ്ങാട്(എഗ്രൂപ്പ്), നീലകണ്ഠൻ(ഐ ഗ്രൂപ്പ്)

പ്രതീക്ഷിച്ച പലരും ഈ പട്ടികയിൽ ഇല്ലെന്നതാണ് വസ്തുത. തൃശൂരിൽ പത്മജാ വേണുഗോപാലും പത്തനംതിട്ടയിൽ പഴകുളം മധുവും സാധ്യതാ പട്ടികയിൽ ഇല്ല. എറണാകുളത്ത് പിടിമുറുക്കാനുള്ള വിഡി സതീശന്റെ തന്ത്രങ്ങളും ഐ ഗ്രൂപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്. കണ്ണൂരിൽ മാത്രമാണ് കെ സുധാകരന് സ്വന്തം താൽപ്പര്യം ഇതുവരെ അംഗീകരിപ്പിക്കാൻ കഴിഞ്ഞത്. പാലക്കാട് വിടി ബൽറാമിന് വേണ്ടി ആരും വാദിച്ചില്ല. എവി ഗോപിനാഥ് വരണമെന്നാണ് സുധാകരന്റെ ആഗ്രഹം. അതിനെ കെസി അംഗീകരിക്കുന്നുമില്ല.

എ ഗ്രൂപ്പിലെ വിള്ളലിന് തെളിവാണ് കോട്ടയത്തെ നാട്ടകം സുരേഷിന്റെ പട്ടികയിലെ സ്ഥാനം. തിരുവഞ്ചൂരിന്റെ നിർദ്ദേശം അംഗീകരിച്ച് സ്വന്തം തട്ടകമായ കോട്ടയത്ത് ഉമ്മൻ ചാണ്ടിയെ വെട്ടുകയാണ് ഫലത്തിൽ. ചെന്നിത്തലയുടെ ജന്മനാടായ ആലപ്പുഴയിൽ പോലും ഐ ഗ്രൂപ്പിന്റെ ആഗ്രഹത്തെ കെസി വെട്ടുന്നു. വിശാല ഐ ഗ്രൂപ്പെന്ന സങ്കൽപ്പത്തെ തകർത്താണ് വിഡിയും കെ മുരളീധരനും സ്വന്തക്കാരെ ഡിസിസി പ്രസിഡന്റുമാരാക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ കോഴിക്കോട് ഡി.സി.സി പ്രസിഡന്റായേക്കും. ജില്ലയിൽ നിന്നുള്ള എംപിമാർ മുന്നോട്ടുവച്ച പേര്, കെപിസിസി നേതൃത്വും ഹൈക്കമാൻഡും അംഗീകരിച്ചതായായാണ് സൂചന. കെ സുധാകരൻ ആരുടേയും പേര് നിർദ്ദേശിക്കാതിരുന്നതും പ്രവീണിന് അനുകൂലമായി.

ഐ ഗ്രൂപ്പ് എൻ സുബ്രമഹ്ണ്യന്റേയും എ ഗ്രൂപ്പ് ബാലകൃഷ്ണൻ കിടാവിന്റേയും പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ജില്ലയിൽ നിന്നുള്ള എംപിമാരായ കെ.മുരളീധരനും എം.കെ രാഘവനും പ്രവീൺകുമാറിന്റ പേരും മുന്നോട്ടുവച്ചു. ഈ മൂന്നുപേരുകളുമാണ് ഹൈക്കമാൻഡിന് സമർപ്പിച്ച ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്. തുടർന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഡൽഹിയിൽ നടത്തിയ ചർച്ചയിൽ പ്രവീണിനെ തന്നെ അധ്യക്ഷനാക്കണമെന്ന് എംപിമാർ ആവർത്തിച്ചു. കെപിസിസി പ്രസിഡന്റും ഇത് അംഗീകരിച്ചതോടെയാണ് പ്രവീണിന് നറുക്കുവീണതെന്നാണ് സൂചന. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖിനും കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുല്ലപ്പള്ളിക്കും പ്രവീൺ വരുന്നതിനോട് എതിർപ്പില്ല. കെ സുധാകരൻ സ്വന്തം നിലയ്ക്ക് ആരുടേയും പേര് നിർദ്ദേശിക്കാതിരുന്നതും പ്രവീണിന് അനുകൂലമായെന്നാണ് നിഗമനം.

ഏറെക്കാലമായി എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് ഡി.സി.സി അധ്യക്ഷസ്ഥാനമെങ്കിലും ഇത്തവണ പ്രധാന പേരുകളൊന്നും നിർദ്ദേശിക്കാനില്ലായിരുന്നു. നിർദ്ദേശിച്ച പേരാകട്ടെ ബാലുശേരിയിലെ തോൽവിയുടെ പേരിൽ ആരോപണ വിധേയനായ ആളിന്റേതും. മുരളിയുടെ പിന്തുണയാണ് ഇതിന് തുണയായത്. നേരത്തെ കോൺഗ്രസിൽ നിന്ന് മുരളിക്കൊപ്പം ഡിഐസി രൂപീകരിച്ച് പുറത്തു വന്ന നേതാവാണ് പ്രവീൺകുമാർ.