കോട്ടയം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയിൽ കോൺഗ്രസിൽ വമ്പൻ പൊട്ടിത്തെറി ഒഴിവായത് രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം. ലിസ്റ്റ് പ്രഖ്യാപിക്കുന്നതിന് മുമ്പ് രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് അന്തിമ പട്ടിക കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചതും സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഒപ്പിട്ടതും. കോട്ടയത്തേയും ആലപ്പുഴയിലേയും പ്രസിഡന്റുമാരെ നിശ്ചയിച്ചതും രാഹുലിന്റെ ഇടപെടലുകളാണ്.

കേരളത്തിൽ നിന്ന് കൈമാറിയ അന്തിമ പട്ടികയിൽ ആലപ്പുഴയിലെ കെസി ശ്രീകുമാറായിരുന്നു ഉണ്ടായിരുന്നത്. കോട്ടയത്ത് ഫിൽസണും. ആലപ്പുഴയിൽ അറിയപ്പെടുന്ന കെസി വേണുഗോപാൽ പക്ഷക്കാരനാണ് ശ്രീകുമാർ. ബാബു പ്രസാദിനെയാണ് ചെന്നിത്തല മുമ്പോട്ട് വച്ചത്. എന്നാൽ ക്രിയാത്മക പ്രസിഡന്റ് എന്ന നിർദ്ദേശവുമായി കെസിയുടെ നോമിനായായ ശ്രീകുമാർ ഒന്നാം നമ്പർ പേരുകാരനായി. ചെന്നിത്തലയ്ക്ക് പണികൊടുക്കനായിരുന്നു ഇത്. കോട്ടയത്ത് ഫിൽസണെ അധ്യക്ഷനാക്കാനായിരുന്നു തീരുമാനം. ഇതിന് വേണ്ടി കരുതലോടെ കളികൾ നടന്നു. ഇതാണ് പുനഃസംഘടനയ്ക്ക് ശേഷം ഉമ്മൻ ചാണ്ടിയെ പ്രകോപിപ്പിച്ചത്.

കോട്ടയത്തേക്ക് ഉമ്മൻ ചാണ്ടി നൽകിയ പേരുകളിൽ ഒന്നായിരുന്നു നാട്ടകം സുരേഷ്. ഫിൽസണിനെ മുമ്പോട്ട് വച്ചതുമില്ല. എന്നാൽ സുരേഷിനെ വെട്ടനായി ഫിൽസൺ മാത്യൂസിനെ ഇപ്പോഴത്തെ ഔദ്യോഗികക്കാർ വല വീശിപിടിച്ചു. കോട്ടയത്ത് ക്രൈസ്തവ പ്രസിഡന്റ് വേണമെന്ന ചർച്ചയും വന്നു. ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശമെന്ന തരത്തിൽ ഇത് വ്യാപക വിമർശനങ്ങൾക്കും വഴിവച്ചു. ഫിൽസണിന് അടുപ്പം കെസിയ്‌ക്കൊപ്പമായിരുന്നു. തന്റെ പേരിൽ ഫിൽസണെ കോട്ടയത്തെ ഡിസിസി അധ്യക്ഷനാക്കുന്നതിലെ ചതി ഉമ്മൻ ചാണ്ടി തിരിച്ചറിഞ്ഞു. ഇതിനിടെയാണ് അന്തിമ പട്ടിക പുറത്തിറക്കുന്നതിന് മുമ്പ് ഉമ്മൻ ചാണ്ടിയെ രാഹുൽ ഗാന്ധി വിളിച്ചത്.

സ്വന്തം ജില്ലയായ കോട്ടയത്ത് നാട്ടകം സുരേഷ് പ്രസിഡന്റാകട്ടേ എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള അടുപ്പം അടക്കം നാട്ടകം സുരേഷിന് ഗുണമായി. ഇതോടെ ഫിൽസൺ വെട്ടിമാറ്റപ്പെട്ടു. രാഹുൽ ഗാന്ധി വിളിച്ചില്ലായിരുന്നുവെങ്കിൽ കോട്ടയത്തെ ഫിൽസണിന്റെ നിയമനത്തിൽ ഉമ്മൻ ചാണ്ടി ഏതറ്റം വരേയും പൊട്ടിത്തെറിക്കാൻ സാഹചര്യം ഉണ്ടാക്കുമായിരുന്നു. രമേശ് ചെന്നിത്തലയേയും രാഹുൽ വിളിച്ചു. ആലപ്പുഴയിൽ ബാബുപ്രസാദ് തന്നെ വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. അതും അംഗീകരിച്ചു. അങ്ങനെ കോട്ടയത്തും ആലപ്പുഴയിലും മാറ്റം വന്നു.

ഇപ്പോഴും കടുത്ത അമർഷം ഗ്രൂപ്പുകൾക്കിടയിലുണ്ട്. ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും ചർച്ചയ്ക്ക് കൂടെ ഇരുത്താമെന്നതാണ് ഇപ്പോഴത്തേയും ഇവരുടെ വികാരം. ചെന്നിത്തലയുടേയും ചാണ്ടിയുടേയും കാലം കഴിഞ്ഞുവെന്ന പ്രതീതി സൃഷ്ടിക്കാൻ കെസിയും വിഡി സതീശനും കെ സുധാകരനും ശ്രമിക്കുന്നതാണ് ഇവരുടെ പരാതിയും. ഡിസിസി നിയമനത്തിൽ ഈ മൂന്ന് പേരുടെ താൽപ്പര്യമാണ് കടന്ന് കൂടിയത്. നേതാക്കൾ എല്ലാം വീതം വച്ചെടുത്തു. കോട്ടയത്തും ആലപ്പുഴയിലും പോലും അട്ടിമറിക്ക് ശ്രമിച്ചെന്നതാണ് പരാതി.

കണ്ണൂരിൽ സുധാകരന്റെ പ്രതിനിധിയാണ് ഡിസിസി അധ്യക്ഷൻ. എറണാകുളത്ത് വിഡി സതീശന്റെ ആളും. കൊല്ലത്തുകൊടിക്കുന്നിലിന്റെ നോമിനിയും ഇടുക്കിയിൽ പിടി തോമസിന്റെ ആളും പാലക്കാട് കെസിയുടെ അടുപ്പക്കാരനും ഡിസിസി അധ്യക്ഷന്മാരായി. കോഴിക്കോട് കെ മുരളീധരനും മുൻതൂക്കം കിട്ടി. തൃശൂരും തിരുവനന്തപുരവും കാസർഗോഡും മലപ്പുറവും കെസിക്ക് താൽപ്പര്യമുള്ളവർ പ്രസിഡന്റുമാരായി. ഇതെങ്ങനെ ഗ്രൂപ്പിന് അതീതമായ ലിസ്റ്റാകുമെന്ന ചോദ്യമാണ് ഗ്രൂപ്പ് മാനേജർമാർ ഉയർത്തുന്നത്.

ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെച്ചൊല്ലി കോൺഗ്രസിലെ ചേരിപ്പോര് താഴെത്തട്ടിൽ കത്തിപ്പടരവെ എ, ഐ ഗ്രൂപ്പ് നേതൃത്വം നിരാശരാകാതെ ബദൽനീക്കങ്ങൾക്ക് തന്ത്രം മെനയുന്നു എന്നാണ് സൂചന. ഡിസിസി, കെപിസിസി പുനഃസംഘടനയിൽ സ്വാധീനമുറപ്പിച്ച് ആധിപത്യമുറപ്പിക്കാനാണ് ഗ്രൂപ്പ് നേതാക്കളുടെ തയ്യാറെടുപ്പ്. പക്ഷേ ഇതും നടക്കുമോ എന്ന് ഉറപ്പില്ല. ഡിസിസി, കെപിസിസി പുനഃസംഘടനയിൽ കെണിയിൽവീഴാതെ കരുത്തുകാട്ടാനുള്ള ആലോചനയിലാണ് എ, ഐ ഗ്രൂപ്പ് മാനേജർമാർ.

പുതിയ ശാക്തിക ചേരിയിലേക്ക് ഗ്രൂപ്പുകളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും നീക്കം തുടങ്ങി. അതേസമയം, പുനഃസംഘടനയുമായി മുന്നോട്ടുപോകാനുള്ള ഒരുക്കമാണ് മറുപക്ഷത്ത്. ഇതിന് കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതായാണ് പ്രചാരണം.