തിരുവനന്തപുരം/മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം വിവിധ കോണിൽ നിന്നുമുയരവെ, നേതൃമാറ്റം ഇപ്പോൾ ഗുണകരമാകില്ലെന്ന വിലയിരുത്തലിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി. ഇപ്പോഴത്തെ അവസ്ഥയിൽ നേതൃമാറ്റമുണ്ടായാൽ ഗുണത്തേക്കാളേറെ ദോഷകരമായിത്തീരുമെന്ന് യോഗം വിലയിരുത്തി. മുസ്ലിംലീഗ് ആവശ്യം ഉന്നയിച്ചതു കൊണ്ടാണ് നേതൃമാറ്റം ഉണ്ടായതെന്ന് സമ്മതിക്കുന്ന വിധത്തിലാകുമത്. അത്തരം സാഹചര്യത്തിന്റെ ആവശ്യമില്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് മേയിൽ നടക്കാനിരിക്കുകയാണ്. സിപിഎം തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞ സാഹചര്യത്തിൽ, നേതൃമാറ്റമുണ്ടായാൽ അത് കോൺഗ്രസിനെ കൂടുതൽ ക്ഷീണിപ്പിക്കുകയേയുള്ളൂവെന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ കണ്ടെത്തൽ. ഈ മാസം 27ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പങ്കെടുക്കും. തുടർന്ന് നേതാക്കളുമായി അദ്ദേഹം വിശദമായ കൂടിക്കാഴ്ച നടത്തും. ഡിസിസി തലത്തിൽ മാറ്റങ്ങൾ ഉണ്ടാകാനാണ് സാദ്ധ്യത.

കനത്ത തോൽവിയുണ്ടായ ഇടങ്ങളിലെ ഡിസിസികൾക്കെതിരെ കടുത്ത നടപടി ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നിവയാണ് പട്ടികയിലുള്ളത്. മദ്ധ്യകേരളത്തിൽ നഷ്ടപ്പെട്ട മതന്യൂനപക്ഷ വോട്ടുകൾ തിരികെ കിട്ടാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.

നേരത്തെ കെ മുരളീധരനെയോ കെ സുധാകരനെയോ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇന്നും തൃശ്ശൂരിൽ കെ മുരളീധരന് വേണ്ടി പോസ്റ്ററുകൾ ഉയരുകയുണ്ടായി. എന്നാൽ, ഈ ആവശ്യത്തോടെ തൽക്കാലം പാർട്ടി മുഖം തിരിക്കുകയാണ്. നേതൃമാറ്റമില്ലെങ്കിലും കനത്ത തോൽവിയുണ്ടായ ഡിസിസികൾക്കെതിരെ നടപടി വരാനിടയുണ്ട്. തിരുവനന്തപുരം കൊല്ലം പാലക്കാട് എന്നിവയാണ് പട്ടികയിലുള്ളത്. മധ്യകേരളത്തിൽ നഷ്ടപ്പെട്ട മതന്യൂനപക്ഷ വോട്ടുകൾ തിരികെ കിട്ടാൻ ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.

കേരളത്തിന്റ ചുമതലയുള്ള താരിഖ് അൻവർ 27ന് സംസ്ഥാനത്തെത്തി നേതാക്കളുമായി ചർച്ച നടത്തിയശേഷം ഇക്കാര്യങ്ങൾ തീരുമാനിക്കും. അതേസമയം സാമുദായിക സംഘടനകളുമായി ചർച്ച നടത്തി അവരുടെ വിശ്വാസം വീണ്ടെടുക്കാൻ കെ മുരളീധരൻ അധ്യക്ഷനായ കമ്മിറ്റിയെ കെ പി സി സി നിയോഗിച്ചു. കെ സുധാകരൻ, കെ.വി തോമസ്, കെ.സി ജോസഫ് തുടങ്ങിയവർ അടങ്ങിയ സമിതിയെ നിയോഗിച്ചു.

അതിനിടെ കോൺഗ്രസിന്റെ നേതൃമാറ്റത്തിൽ ഇടപെടില്ലെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കി. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട കാര്യം ലീഗിനില്ല. മുന്നണിയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ കുറിച്ച് ഘടകകക്ഷി എന്ന നിലയിൽ ലീഗ് പറയും. യു.ഡി.എഫിലുള്ള പ്രശ്‌നങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കപ്പെടുമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിഭാഗീയത സൃഷ്ടിക്കുക എന്ന ഉദ്ദേശമാണ് മുഖ്യമന്ത്രിക്കുള്ളത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സിപിഎമ്മിൽ നേതൃമാറ്റം ഉണ്ടായത് എൽ.ഡി.എഫിലെ ഘടകകക്ഷി പറഞ്ഞിട്ടാണെന്ന് താൻ പറഞ്ഞാൽ എങ്ങനെ ഉണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സംവരണം വെച്ച് വിഭാഗീയത സൃഷ്ടിക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണ്. ഇതുവരെ ഇല്ലാത്ത സ്‌നേഹം തെരഞ്ഞെടുപ്പ് അടുത്തപ്പോൾ എങ്ങനെയാണ് ഉണ്ടായത്. അഞ്ച് വർഷം ഭരിച്ചിട്ട് ഇപ്പോഴാണ് സംവരണം സംബന്ധിച്ച അഭിപ്രായം ഇടതുപക്ഷം പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

വാർഡ് തലത്തിലെ വോട്ട് കണക്ക് പരിശോധിച്ചാൽ സർക്കാറിനെതിരെയാണ് ജനങ്ങൾ വിധിയെഴുതിയതെന്ന് മനസിലാകും. നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാറിനെതിരെ ജനങ്ങൾ വോട്ട് ചെയ്യും. നൂറിലധികം സീറ്റ് നേടി യു.ഡി.എഫ് വിജയിക്കും. യു.ഡി.എഫ് ആണ് നല്ലതെന്ന വിധിയെഴുത്ത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എസ്.ഡി.പി.ഐ-എൽ.ഡി.എഫ് സഖ്യം എന്ന് പറയുന്നത് പോലെയെ ഉള്ളൂ വെൽഫെയർ പാർട്ടി-യു.ഡി.എഫ് സഖ്യം. മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐയുമായി എൽ.ഡി.എഫ് സഖ്യത്തിലാണ്. സ്വതന്ത്ര സ്ഥാനാർത്ഥികളെ എൽ.ഡി.എഫും എസ്.ഡി.പി.ഐയും പരസ്പരം പിന്തുണ നൽകിയിട്ടുണ്ട്. സമാനരീതിയിൽ പ്രാദേശിക തലത്തിൽ യു.ഡി.എഫ്-വെൽഫെയർ പാർട്ടി സഖ്യം ഉണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള വാർത്തകൾക്ക് മാധ്യമങ്ങൾ കൂടുതൽ പ്രാധാന്യം നൽകി. ഈ ചർച്ചക്ക് യാതൊരു പ്രസക്തിയും ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.