ബെംഗളൂരു: സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാർ മരിച്ചെന്നു വിധി എഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് കണ്ടെത്തി. നവജാത ശിശുവിനെ സംസ്‌കരിക്കാൻ കൊണ്ടുപോകവെയാണ് കുഞ്ഞ് മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.

റായിച്ചൂരിലെ തുർവിഹാൽ ഗവ ആശുപത്രിയിൽ ഈപ്പെയുടെ ഭാര്യ അമ്മേര പ്രസവിച്ച പെൺകുഞ്ഞിനെ വിളർച്ച കാരണം കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടുത്തെ ഡോക്ടർമാരാണ് കുഞ്ഞു മരിച്ചു എന്ന് രക്ഷിതാക്കളെ അറിയിച്ചത്.

തുടർന്ന് സംസ്‌കാരത്തിന് കൊണ്ടുപോകുന്നതിനിടെ ഒരു ബന്ധുവാണ് കുഞ്ഞിന്റെ കൈ കാലുകൾ അനങ്ങുന്നുണ്ടെന്ന് രക്ഷിതാക്കളുടെ അറിയിച്ചു. ഉടനെ കുട്ടിയെ വിശദമായി പരിശോധിച്ച് ബന്ധുക്കൾ ജീവനുണ്ടെന്ന് ഉറപ്പിച്ചതോടെ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പരിശോധിച്ചപ്പോൾ കുഞ്ഞു മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

എന്നാൽ ആദ്യം കൊണ്ടുപോയ സ്വകാര്യ ആശുപത്രി അധികൃതർ ഉറപ്പിച്ചു പറയുന്നത് തങ്ങൾ പരിശോധിക്കുമ്പോൾ കുട്ടിക്ക് ജീവൻ ഉണ്ടായിരുന്നില്ല എന്നാണ്. ഇത് അദ്ഭുതമാണെന്ന് വിശ്വസിക്കാനാണ് നിലവിൽ ബന്ധുക്കൾ ഇഷ്ടപ്പെടുന്നത്. അതേസമയം, ഡോക്ടറുടെ ഭാഗത്ത് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി എടുക്കണമെന്നും ഇവർ പറയുന്നു. കഴിഞ്ഞവർഷം ഉത്തർപ്രദേശിലും, തമിഴ്‌നാട്ടിലും സമാന സംഭവങ്ങൾ ഉണ്ടായിരുന്നു.