കോതമംഗലം: ജനവാസ കേന്ദ്രങ്ങളെ ഇ എസ് എ പരിധിയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലന്നും ഇതിനുള്ള നീക്കം ഉണ്ടായാൽ യൂഡിഎഫ് ജനങ്ങളെ അണിനിരത്തി,ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് എം പി. കോതമംഗലത്ത് മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ആദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ എസ് എ ഭൂപ്രദേശങ്ങളായി മുൻപ് ശുപാർശ ചെയ്യപ്പെട്ടിരുന്ന കൃഷി ഭൂമികൾ യുഡിഎഫ് സർക്കാർ നിയോഗിച്ച ഉമ്മൻ വി.ഉമ്മൻ കമ്മറ്റി ശുപാർശ അനുസരിച്ച് പൂർണ്ണമായും ഒഴിവാക്കിയാണ് നിലവിൽ കരടുവിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

ഇതിനെ ആസ്പദമാക്കിയുള്ള അന്തിമ വിജ്ഞാപനം ഡിസംബർ 31 ന് ശേഷം പുറപ്പെടുവിക്കാൻ കേന്ദ്രം തീരുമാനമെടുത്തിരിക്കുകയാണ്. ഈ ഘട്ടത്തിൽ കേരളത്തിലെ കൃഷിക്കാരുടെ പട്ടയമുള്ളതോ, ഇല്ലാത്തതോ ആയ ഒരു തുണ്ടു ഭൂമി പോലും ഇഎസ്എയിൽ ഉൾപ്പെടുത്താത്ത ഉമ്മൻ. വി ഉമ്മൻ റിപ്പോർട്ടിൽ വെള്ളം ചേർത്തിരിക്കുന്നത് എന്തിനെന്തെന്ന് എൽ ഡി എഫ് സർക്കാർ വ്യക്തമാക്കണം.

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പി എച്ച് കുര്യന്റെ നേതൃത്വത്തിൽ പുതിയ റിപ്പോർട്ട് തയ്യാറാക്കിയത് അനുസരിച്ച് കുട്ടമ്പുഴ ഉൾപ്പടെയുള്ള പഞ്ചായത്തുകളിൽ ജനവാസ കേന്ദ്രങ്ങളെ ഇ എസ് എ യാക്കി മാറ്റിയിരിക്കുകയാണ്. ഉമ്മൻ.വി.ഉമ്മൻ ശുപാർശ ചെയ്ത ഇ എസ് എ യിൽ കേരളത്തിലെ വന വിസ്തൃതി 9107 ച.കി.മീ ഉണ്ട്. അതോടൊപ്പം 875 ച കി.മീ പാറക്കെട്ടുകളും ജലാശയങ്ങളും, തരിശ് ഭൂമിയും ഉൾപ്പടെ ഇ എസ് എ യായി ആണ് ശുപാർശ ചെയ്തിരിക്കുന്നത്.

ഇതിനപ്പുറത്തുള്ള ഇ എസ് എ പരിധിയിൽ നിന്ന് കൃഷി ഭൂമികൾ മുഴുവൻ ഒഴിവാക്കിയത് ജനകീയ സമിതികളുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. പഞ്ചായത്ത് പ്രസിഡന്റുമാരും വില്ലേജ് ഓഫീസർമാരും വനം റെയിഞ്ച് ഓഫീസർമാരും സംയുക്തമായിട്ടാണ് അന്ന് കൃഷിസ്ഥലങ്ങൾ ഇ.എസ്.എ യിൽ നിന്നും ഒഴിവാക്കിയുള്ള ക്രഡസ്റ്റൽ മാപ്പ് പ്രസിദ്ധീകരിച്ചത്.

ഇതിനു പകരം പുതിയ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പ്രതിപക്ഷ കക്ഷികളെയും പ്രാദേശിക സർക്കാറുകളെയും വിശ്വാസത്തിലെടുക്കാൻ പിണറായി സർക്കാർ തയ്യാറായിട്ടില്ല. തട്ടിക്കൂട്ടി റിപ്പോർട്ട് തയ്യാറാക്കി കൃഷി സ്ഥലങ്ങളെ ഇ എസ് എ യാക്കി മാറ്റി ,സ്ഥാപിത താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇറങ്ങിയാൽ യുഡിഎഫ് ശക്തമായി നേരിടും എം പി വ്യക്തമാക്കി.