മലപ്പുറം: നിലമ്പൂർ എംഎ‍ൽഎയും നിലവിലെ നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.വി അൻവറിനെതിരായ പരാതിക്കാരിക്കും കുടുംബത്തിനും നേരെ പൊലീസ് സ്റ്റേഷന് മുന്നിൽ വധ ഭീഷണിയും കൈയേറ്റ ശ്രമവും. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊല്ലം ചന്ദനതോപ്പ് അമൃതഭവനം ജയ മുരുഗേഷ്, ഭർത്താവ് മുരുഗേഷ് നരേന്ദ്രൻ, മകൻ കേശവ് മുരുഗേഷ്്, റീഗൾ എസ്റ്റേറ്റ് മാനേജർ അനിൽപ്രസാദ് എന്നിവർക്കുനേരെയാണ് വധ ഭീഷണിയും കൈയേറ്റ ശ്രമവുമുണ്ടായത്.

കഴിഞ്ഞ ഡിസംബർ 14ന് മമ്പാട് എ.കെ. സിദ്ദിഖിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ക്വാളിസും ജീപ്പും കത്തിച്ചെന്ന കേസിൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട ജയ മുരുഗേഷിനും കുടുംബത്തിനും എസ്റ്റേറ്റ് മാനേജർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതുടർന്ന് ഇന്നലെ ഇവർ പൊലീസ് സ്റ്റേഷനിലെത്തി ജാമ്യമെടുത്ത് മടങ്ങും വഴി പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് എ.കെ സിദ്ദിഖ് മകൻ അനീഷ് പൂക്കോട്ടുംപാടം വേങ്ങാപ്പരത സ്വദേശി മുസ്തഫ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിനു ശ്രമിച്ചെന്നുമാണ് പരാതി. നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടറും പൊലീസുകാരുമെത്തിയാണ് ഇവരെ മാറ്റിയത്.

എ.കെ.സിദ്ദിഖിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട 32 വർഷം പഴക്കമുള്ള ജീപ്പും 21 വർഷം പഴക്കമുള്ള ക്വാളിസുമാണ് കത്തിച്ചത്. അതേസമയം വീട്ടുമുറ്റത്തുണ്ടായിരുന്ന ടയോട്ട ഫോർച്യൂണറിനും മാരുതി സ്വിഫ്റ്റ് കാറിനും പോറലുപോലും ഏറ്റിരുന്നില്ല. സംഭവ സമയത്തുകൊച്ചിയിലായിരുന്ന മുരുഗേഷ് നരേന്ദ്രനെയും കുടുംബത്തെയും എംഎ‍ൽഎയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പ്രതികളാക്കിയതെന്ന വാദം പരിഗണിച്ചാണ് ഹൈക്കോടതി ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

റീഗൾ എസ്റ്റേറ്റിൽ നിന്നും മരങ്ങൾ മോഷ്ടിച്ച് കടത്തികൊണ്ടുപോയ കേസിലും കമുക് മരങ്ങൾ വെട്ടിനശിപ്പിച്ച കേസിലും കുഴൽകിണറിന്റെ മോട്ടോർ നശിപ്പിച്ച കേസിലും ജയ മുരുഗേഷിനു നേരെ നഗ്നതാ പ്രദർശനം നടത്തിയതടക്കമുള്ള കേസുകളിലെ പ്രതിയാണ് എ.കെ സിദ്ദിഖ്.
പൂക്കോട്ടുംപാടം റീഗൾ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന കേസിൽ ജയ മുരുഗേഷിന്റെ പരാതിയിലാണ് പി.വി അൻവർ എംഎ‍ൽഎയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പൊലീസ് 2016ൽ കേസെടുത്തത്.