തൃശൂർ: വധഭീഷണിയെ തുടർന്ന് ഒളിമ്പ്യൻ മയൂഖ ജോണിക്ക് ബി കാറ്റഗറി സംരക്ഷണം നൽകാൻ വിറ്റ്‌നസ് പ്രൊട്ടക്ഷൻ യോഗ തീരുമാനം. സുഹൃത്തിനെ പീഡിപ്പിച്ച കേസിൽ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മയൂഖ ജോണി വാർത്താസമ്മേളനം നടത്തിയതിനെ തുടർന്നാണ് വധഭീഷണി നേരിടേണ്ടി വന്നത്. ഭീഷണികത്ത് അയച്ച വ്യക്തിക്കെതിരെ ആളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പരാതി ലഭിച്ച സാഹചര്യത്തിലാണ് ബി കാറ്റഗറി യിലുള്ള സംരക്ഷണം നൽകാൻ തീരുമാനിച്ചത്. വിറ്റ്‌നസ് പ്രൊട്ടക്ഷൻ സ്‌കീം പ്രകാരം തൃശ്ശൂർ ജില്ലയിൽ രൂപീകൃതമായ വിറ്റ്‌നസ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ ചെയർമാനും തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ പി.ജെ. വിൻസന്റിന്റെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റ് വഴി വിളിച്ചുകൂട്ടിയ കമ്മിറ്റി യോഗത്തിലാണ് സംരക്ഷണം നൽകാൻ തീരുമാനമായത്.

ഏകദേശം അഞ്ച് വർഷം മുമ്പ് ഒളിമ്പ്യൻ മയൂഖ ജോണിയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതായും, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ചുമാണ് മയൂഖ ജോണി പത്രസമ്മേളനം നടത്തിയത്. തുടർന്ന് ആളൂർ പൊലീസ് ക്രൈം രജിസ്റ്റർ ചെയ്യുകയും പിന്നീട് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു.

യോഗത്തിൽ മെമ്പർ സെക്രട്ടറിയും ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ കെ.ഡി. ബാബു, തൃശൂർ ജില്ലാ പൊലീസ് സൂപ്രണ്ട് (റൂറൽ) ജി.പൂങ്കുഴലി തൃശൂർ ജില്ലാ പൊലീസ് സൂപ്രണ്ട് (സിറ്റി) പൊലീസ് കമ്മീഷണർ ആർ. ആദിത്യ എന്നിവർ പങ്കെടുത്തു. കമ്മിറ്റി മയൂഖ ജോണിയുമായി ഗൂഗിൾ മീറ്റ് മുഖേന സംസാരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

സംരക്ഷണത്തിന്റെ പൊതുവായ ചുമതല ഇരിങ്ങാലക്കുട ഡിവൈഎസ്‌പിക്ക് നൽകുന്നതിനും സാക്ഷി വിസ്താരത്തിനും മറ്റും കോടതിയിലേക്ക് പോകേണ്ടി വന്നാൽ മയൂഖയുടെ സുരക്ഷക്ക് പൊലീസ് ഉദ്യോഗസ്ഥരെ ആവശ്യമെങ്കിൽ നിയോഗിക്കുന്നതിനും കമ്മിറ്റി തീരുമാനിക്കുകയുണ്ടായി.

സുപ്രീംകോടതിയുടെ വിധി പ്രകാരം ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഗൗരവതരമായ കേസുകളിലെ സാക്ഷികൾക്ക് സംരക്ഷണം നൽകുന്നതിന് വിറ്റ്‌നസ് പ്രൊട്ടക്ഷൻ സ്‌കീം പ്രകാരം കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളതാണ്. ഗുരുതര കുറ്റകൃത്യങ്ങളിലെ സാക്ഷികൾക്ക് പ്രതികളിൽ നിന്നും മറ്റും ഉണ്ടാകുന്ന ഭീഷണികളിൽ നിന്നും സംരക്ഷണം നൽകുന്നതിനും, നിർഭയമായി കോടതിയിൽ ഹാജരായി സാക്ഷി മൊഴി നൽകുന്നതിനും ആവശ്യമായ സംരക്ഷണം നൽകുന്നതിനുമാണ് വിറ്റ്‌നസ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്.