തിരുവനന്തപുരം: മുട്ടിൽ മരം മുറിയിലെ 'ധർമ്മടം' കണക്ഷൻ വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരോട് കേസിൽ ആരോപണ വിധേയനായ ദീപക് ധർമ്മടത്തിന് അടുത്ത ബന്ധമുണ്ടെന്നതിന് തെളിവായി തിരുവോണ ദിവസത്തെ ചിത്രം ചർച്ചയായിരുന്നു. എന്നാൽ അതിന് അപ്പുറത്തെ ബന്ധം അവർക്കിടയിൽ ഉണ്ട്. വർഷങ്ങൾക്ക് മുമ്പ് നടന്ന ദീപക്കിന്റെ വിവാഹത്തിന് കുടുംബ സമേതമാണ് പിണറായി പങ്കെടുത്തത്.

ആദ്യ പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പിണറായി നേരിട്ട് ക്ഷണിച്ച വ്യക്തിയാണ് ദീപക്. ഇതും ദീപക്കിന്റെ പോസ്റ്റിലുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഉറ്റ ചങ്ങാതിയായി ചിത്രീകരിച്ചാണ് ദീപക് പ്രചരണം നടത്തിയിരുന്നത്. ഈ ചിത്രങ്ങൾ കാരണം മുഖ്യമന്ത്രിയുമായി ദീപക്കിന് അടുത്ത ബന്ധമുണ്ടെന്ന പൊതുധാരണ വന്നു. ഇങ്ങനെ പലരേയും ദീപക് സ്വാധീനിച്ചു. ഇതാണ് മുട്ടിൽ മരം മുറിയിലും ചർച്ചയാകുന്നത്.

മുട്ടിലിലെ 'ധർമ്മടം' ബന്ധം പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമായിരുന്നുവെന്നാണ് സിപിഎം ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഫോൺ രേഖകൾ പുറത്തു വന്നതോടെ നിശബ്ദരായി. വിഷയത്തിൽ പ്രതികരിക്കരുതെന്ന് സിപിഎം നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് കരുതലോടെയാണ് പ്രതികരണം. എകെ ബാലൻ മാത്രമാണ് പരസ്യ പ്രതികരണം നടത്തിയത്.

മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഫോൺ രേഖകൾ പുറത്തുവന്നതോടെ സർക്കാർ വിയർക്കുന്നു. ആരോപണവിധേയരെ സംരക്ഷിക്കില്ലെന്ന് ആവർത്തിക്കുമ്പോഴും സർക്കാരിനെ വെട്ടിലാക്കുന്നതാണു വകുപ്പുതല അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ. ഇതോടെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടവുമായി കേസിനുള്ള ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപണം കടുപ്പിച്ചു.

മരംകൊള്ളയ്ക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ മേലുദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോർട്ടുണ്ടായിട്ടും പേരിനൊരു സ്ഥലംമാറ്റത്തിൽ സർക്കാർ നടപടിയൊതുക്കി. പ്രതികൾക്കുവേണ്ടി ഇടപെട്ട മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടത്തിനെതിരേ കേസെടുത്തിട്ടുമില്ല. അധികാരകേന്ദ്രങ്ങളുമായി അടുത്തബന്ധം അവകാശപ്പെടുന്ന ദീപക് തിരുവോണത്തിനു മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

മുട്ടിൽ കേസ് പ്രതികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും സംരക്ഷണമൊരുക്കിയാണു ദീപക് രംഗത്തെത്തിയത്. മരംകൊള്ളയ്ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച മേപ്പാടി റെയ്ഞ്ച് ഓഫീസർ സമീറിനെ കള്ളക്കേസിൽ കുടുക്കാൻ കോഴിക്കോട് ഫ്ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ധനേഷിനുമേൽ സമർദം ചെലുത്തിയതും ദീപക്കായിരുന്നെന്ന് വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അഗസ്റ്റിൻ സഹോദരങ്ങൾ കൈമാറിയ രഹസ്യവിവരത്തേത്തുടർന്നാണു ദീപക്കിന്റെ ഒത്താശയോടെ വനംവകുപ്പ് സി.എഫ്: എൻ.ടി. സാജൻ സമീറിനെതിരേ റിപ്പോർട്ട് നൽകിയത്.

മണിക്കുന്നുമല മരംമുറിയിൽ സമീറിനു പങ്കുണ്ടെന്നായിരുന്നു സാജന്റെ റിപ്പോർട്ട്. ഹൈക്കോടതിയുടെ ഇടപെടലിനേത്തുടർന്ന് അഗസ്റ്റിൻ സഹോദരങ്ങൾ അറസ്റ്റിലായെങ്കിലും ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെയോ ദീപക്കിനെതിരെയോ നടപടിയെടുത്തില്ല. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ നടപടിയെടുക്കാനാവില്ലെന്നാണു വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ ന്യായീകരണം.

വ്യാജബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി പ്രതിരോധമന്ത്രാലയത്തിന്റെ ഡിഫൻസ് കറസ്പോണ്ടൻസ് കോഴ്സിൽ ദീപക് പങ്കെടുത്തെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നെങ്കിലും അന്വേഷണം വഴിമുട്ടി. ബംഗളരു സർവകലാശാലയിലനിന്നു ബിരുദം നേടിയെന്നവകാശപ്പെട്ട് പാസ്പോർട്ടിന് നൽകിയ അപേക്ഷ പിന്നീട് പിൻവലിച്ചു.

തുടർന്നും ഇയാൾക്കെതിരേ വിവിധ ആരോപണങ്ങൾ ഉയർന്നെങ്കിലും മീഡിയ അക്കാഡമി അംഗം, അക്രഡിറ്റേഷൻ കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ ഇപ്പോഴും വഹിക്കുന്നു.