കോട്ടയം: കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപത്രം. മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയർത്തുന്നു. ആശങ്ക ക്രിസ്ത്യൻ സഭകൾക്ക് മാത്രമല്ല, ഹൈന്ദവ, ക്രൈസ്തവ, മുസ്ലിം സമുദായത്തിൽപ്പെട്ട എല്ലാവരും ചിന്തിക്കണമെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്.വിഷയത്തിൽ സിപിഎം ഇടപെടലിനെയും എഡിറ്റോറിയൽ വിമർശിക്കുന്നു. മാതാപിതാക്കളെ അറിയിക്കേണ്ടെന്നും, പാർട്ടിയെ അറിയിക്കണമായിരുന്നുവെന്ന പ്രതികരണം വിചിത്രമാണ്. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സി പി എമ്മിന് തീവ്രവാദികളുടെ നീക്കങ്ങളെ ഭയമാണെന്നാണ് വിമർശനം. ദുരൂഹ വിവാഹമാണോ മതേതരത്വമെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.

കോടഞ്ചേരിയിലെ കത്തോലിക്കാ യുവതിയും ഡി വൈ എഫ് ഐക്കാരനായ മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം ലൗ ജിഹാദാണെന്ന രീതിയിൽ നേരത്തെ ആരോപണമുയർന്നിരുന്നു. പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയെത്തുടർന്ന്, യുവതിയെ ഇന്ന് ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇന്ന് ദീപിക ദിനപത്രത്തിൽ വിമർശനം ഉയരുന്നത്.

കോടഞ്ചേരിയിലെ മിശ്രവിവാഹത്തിലെ വധു ജോയ്‌സനയുടെ കുടുംബത്തിന്റെ ആരോപണം ന്യായമാണെന്നാണ് ദീപിക എഡിറ്റോറിയലിൽ പറയുന്നത്. ജോയ്‌സനയുടെ കുടുംബത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ജോയ്‌സനയെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയിക്കുന്ന സാഹചര്യമുണ്ട്. കുടുംബത്തെ ഭയചകിതരാക്കുന്നതാണോ മതേതരത്വമെന്നും ദീപിക മുഖപ്രസംഗത്തിലൂടെ ചോദിക്കുന്നു.

വിവാഹത്തെ കുറിച്ച് ഷെജിൻ പാർട്ടിയെ അറിയിച്ചില്ലെന്നാണ് സിപിഎമ്മിന്റെ ആരോപണം. യുവതിയുടെ കുടുംബത്തിനൊപ്പം പാർട്ടി നിന്നില്ല. വിവാഹത്തിന് ശേഷം ഐഎസിൽ ചേർന്ന മലയാളി യുവതികളുണ്ട്. ക്രൈസ്തവർക്ക് മാത്രമല്ല മറ്റു മതവിഭാഗങ്ങൾക്കും ആശങ്കയുണ്ട്. ജോയ്‌സനയുടെ വിഷയത്തിൽ ദുരൂഹത മറനീക്കണം. അല്ലാതെ നിസ്സഹായരായ കുടുംബത്തെ മതേതരത്വത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തകയല്ല വേണ്ടതെന്നും മുഖപ്രസംഗം പറയുന്നു.

മുൻ മന്ത്രി കെ.ടി ജലീലിനെയും മുഖപ്രസംഗം വിമർശിക്കുന്നുണ്ട്. ചില മിശ്രവിവാഹങ്ങൾ മാത്രം എന്തുകൊണ്ട് ചർച്ചയാവുന്നുവെന്ന് ജലീൽ ചിന്തിക്കണമെന്നും മുഖപ്രസംഗം പറയുന്നു. കോടഞ്ചേരിയിലെ മിശ്രവിവാഹത്തിന് ഇടയാക്കിയത് അത്ര നിഷ്‌കളങ്കമായ പ്രണയമാണോയെന്നും നിരവധിയാളുകൾ സംശയിക്കുന്നുണ്ട്. പ്രേമിക്കുന്നയാളെ ഭീഷണിപ്പെടുത്തി പിടിച്ചുവച്ചാണോ വിവാഹത്തിനു സമ്മതിപ്പിക്കേണ്ടത്.

ചാറ്റിംഗിലൂടെയും പണമിടപാടുകളിലൂടെയും പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കെണിയൊരുക്കി നിരവധി വിവാഹങ്ങൾ നടക്കാറുണ്ട്. പരിശുദ്ധ പ്രണയത്തിന്റെ പട്ടികയിലല്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് അതൊക്കെ ചേർക്കാറുള്ളത്. അങ്ങനെ എന്തെങ്കിലുമാണോ തങ്ങളുടെ മകൾക്കും സംഭവിച്ചതെന്ന് അന്വേഷിക്കാൻ മാതാപിതാക്കൾക്ക് അവകാശമില്ലേ എന്നും മുഖപ്രസംഗം ചോദിക്കുന്നു.

മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്ക ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഇസ്ലാമിക തീവ്രവാദ സംഘടനകൾ ഉയർത്തുന്ന ഭീഷണിക്കു മുസ്ലിം സമുദായത്തിലെ നിരപരാധികൾ പഴികേൾക്കേണ്ട സാഹചര്യമുണ്ടാകുമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.