കുനൂർ: ഊട്ടിക്ക് സമീപം കുന്നൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് മരിച്ചു. ബിപിൻ റാവത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ദേശീയ മാധ്യമങ്ങളാണ് റാവത്തിന്റെ ഭാര്യ മരിച്ചെന്ന വാർത്ത പുറത്തുവിട്ടത്. അപകടത്തിൽ 11 മരണങ്ങൾ സ്ഥിരീകരിച്ചവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത്. 

ജനറൽ ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം ആകെ ഒമ്പത് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈന്യം സ്ഥിരീകരിച്ചു ബ്രിഗേഡിയർ എൽഎസ് ലിഡ്ഡെർ, ലഫ്റ്റ്. കേണൽ ഹർജിന്ദെർ സിങ്, നായിക് ഗുർസേവാക് സിങ്, നായിക് ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ.

വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ഡൽഹിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചതായി വാർത്തകൾ വരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകടത്തിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അൽപസമയത്തിനകം ഡൽഹിയിൽ ചേരും എന്ന വിവരവും പുറത്തു വരുന്നുണ്ട്.

ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിൻ റാവത്ത്. മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. പ്രദേശത്ത് ഇപ്പോൾ സൈന്യം എത്തിയിട്ടുണ്ട്. ഹെലികോപ്ടർ നിലത്തു വീണ് തീഗോളമായ അവസ്ഥയിലാണുള്ളത്.

മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്. ഇന്ത്യൻ സായുധ സേനയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.