ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് ഡൽഹി യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ സാന്ത് നഗറിലാണ് സംഭവം. കേസിൽ നേരത്തെ ഡ്രൈവർ രാകേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കൊലപാതകത്തിൽ ഭർത്താവിനും സഹോദര പുത്രനുമാണ് പങ്കുള്ളത്. യുവതിയുടെ ഭർത്താവായ വിരേന്ദ്രൻ കുമാർ (34), ഗോവിന്ദ എന്നിവരാണ് പിടിയിലായത്. വിരേന്ദർ രാജാസ് കോളജിലെ അഡ്‌ഹോക് അസിസ്റ്റന്റ് പ്രഫസറാണ്. തിങ്കളാഴ്ചയാണ് ഭാര്യ പിങ്കി സിങ്ങിനെ (33) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനു മുന്നിൽ സംശയാസ്പദമായി കറങ്ങിനടന്ന രാകേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

പതിവായി നിസാര കാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടാക്കുന്നതിൽ മടുത്താണ് ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് വിരേന്ദർ പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി രാകേഷിന്റെയും സഹോദര പുത്രന്റെയും സഹായം തേടി. കേസിൽ അറസ്റ്റിലാകുകയാണെങ്കിൽ ഭാര്യയെയും കുട്ടികളെയും താൻ നോക്കികൊള്ളാമെന്ന് രാകേഷിന് ഉറപ്പ് നൽകി. തിങ്കളാഴ്ച ഉച്ചക്ക് മാതാവിനെയും കൂട്ടി വീരേന്ദ്രൻ വീടിനു പുറത്തുപോയ സമയത്താണ് രാകേഷ് പിങ്കിയെ കൊലപ്പെടുത്തിയത്. ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയശേഷം വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.